ജീന്‍സും മദ്യവും വേണ്ട, വിവാഹത്തിന് നോ ഡി ജെ!
മധുര: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മദ്യപിക്കുന്നതിനും കാപ് പഞ്ചായത്തിന്റെ വിലക്ക്. മധുരയിലെ യാദവരുടെ മഹാ പഞ്ചായത്താണ് ജീന്‍സിടുന്നതില്‍ നിന്നും മദ്യപിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കിയിരിക്കുന്നത്. മധുരയിലെ രഹേരയില്‍ ഞായറാഴ്ച ചേര്‍ന്ന മഹാ പഞ്ചായത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വിവാഹങ്ങളില്‍ ഡാന്‍സ് ജോക്കികളെ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ശൈശവ വിവാഹം, കനത്ത സ്ത്രീധനം, സമുദായാംഗങ്ങള്‍ക്കിടയിലെ ചൂതുകളി തുടങ്ങിയവും നിരോധിക്കപ്പെട്ടു. സമൂഹത്തിലെ തിന്മകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നിരോധനങ്ങള്‍ എന്ന് മഹാ പഞ്ചായത്തിന് അധ്യക്ഷം വഹിച്ച സാമുദായിക നേതാവ് ഉദയ് സിംഗ് പറഞ്ഞു.

പരമാവധി സ്ത്രീധനത്തുക ഇരുപത്തൊന്നായിരം രൂപയായി നിജയപ്പെടുത്തിയിട്ടുണ്ട്. കന്യാദാനത്തിന്റെ സമയത്ത് നല്‍കാവുന്ന പരമാവിധി തുകയാണ് ഇത്. മഹാ പഞ്ചായത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നല്ല തീരുമാനമാണ്. ശൈശവ വിവാഹവും മദ്യവും ഡി ജെയും നിരോധിക്കുന്നത് സ്വാഗതാര്‍ഹമാണ് - പഞ്ചായത്തില്‍ സംസാരിച്ച സ്വാമി രമേഷ് ബാബ പറഞ്ഞു.
തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 11000 രൂപ പിഴയിടാനും പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിന്റെ 'നിയമം' ലംഘിക്കുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2100 രൂപ പാരിതോഷികം ലഭിക്കും. ഉത്തര്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി 52 ഗ്രാമങ്ങളിലുള്ളവര്‍ പഞ്ചായത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications