കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ തന്ത്രങ്ങള്‍ പാഴായി..!! സ്വപ്‌നം കണ്ട കസേരയില്‍ പനീര്‍ശെല്‍വം വാഴും..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായതായി റിപ്പോര്‍ട്ടുകള്‍. എഐഎഡിഎംകെ പനീര്‍ശെല്‍വം- എടപ്പാടി പളനിസ്വാമി വിഭാഗങ്ങള്‍ ദിവസങ്ങളായി തുടരുന്ന ലയനചര്‍ച്ചയ്ക്ക് അവസാനമായതാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് പ്രകാരം ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകും.

ശശിയായി ശശികല

തമിഴ്നാട്ടിലെ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് ശശികല കളിച്ച കളികളെല്ലാം വെറുതെയായി. ജയിലില്‍ പോയപ്പോഴും തമിഴ്‌നാടിന്റെ ഭരണവും പാര്‍ട്ടിയുടെ പിടിയും തന്റെ കയ്യില്‍ത്തന്നെ നില്‍ക്കുമെന്നുറപ്പിച്ച ശശികലയുടെ ഉറപ്പിന്റെ പാലം വലിച്ചത് വിശ്വസ്തനായ പളനിസ്വാമി തന്നെയാണ്. പണി തനിക്കും കിട്ടുമെന്നുറപ്പായപ്പോള്‍ പളനിസ്വാമി ശത്രുപക്ഷത്തേക്ക് ചാടി.

ഓപിഎസ്സിന് മധുരപ്രതികാരം

ഒടുവില്‍ പുറത്താക്കിയവര്‍ തന്നെ പനീര്‍ശെല്‍വത്തെ രാജകീയ പ്രൗഢിയോടെ തിരിച്ച് പാര്‍ട്ടിയിലേക്കും മന്ത്രിസഭയിലേക്കും ആനയിക്കുന്ന കാഴ്ചയ്ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിക്കസേരയിലേക്കുള്ള തിരിച്ചുവരവ് ഓപിഎസ്സിന് മധുരപ്രതികാരം കൂടിയാണ്.

മുഖ്യമന്ത്രിക്കസേര വീണ്ടും

പളനിസ്വാമി വിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഓപിഎസ് ഇനി തമിഴ്‌നാട് ഭരിക്കും. ഓപിഎസ്സിന് വേണ്ടി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്ത പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയേറ്റെടുക്കും. മാത്രമല്ല ഒത്തുതീര്‍പ്പിന് ഓപിഎസ് വിഭാഗം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്നാണ് ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുമെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.

ബിജെപിയിലേക്കില്ല

പനീര്‍ശെല്‍വം ബിജെപിയിലേക്ക് പോകുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എഐഎഡിഎംകെ വൃത്തങ്ങള്‍ ഇത്തരം വാര്‍ത്തകളെ തളളിക്കളയുന്നു. പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.

വിജയഭാസ്കറെ പുറത്താക്കും

ഇന്‍കം ടാക്‌സ് വിഭാഗം പരിശോധന നടത്തി വെട്ടിലായ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യാനും ധാരണയായിട്ടുണ്ട്. മുന്‍മന്ത്രിയും എംഎല്‍എയുമായ ശെന്തില്‍ ബാലാജിയെയും തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.

മന്നാർഗുഡി മാഫിയ പുറത്ത്

ശശികലയേയും ദിനകരനേയും മറ്റ് 30 മന്നാര്‍ഗുഡി കുടുംബത്തിലെ അംഗങ്ങളേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നതായിരുന്നു പനീര്‍ശെല്‍വം വിഭാഗം മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇവരുടെ രാജി എഴുതിവാങ്ങിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മാത്രമല്ല ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഓപിഎസ് പക്ഷം മുന്നോട്ട് വെയ്ക്കുന്നു.

നിലനിൽപ്പിനായി പാലംവലി

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചത് വഴി ദിനകരന്‍ വെട്ടിലായതോടെയാണ് പളനിസ്വാമി കാലുമാറിയത്. കോഴയുടെ പേരില്‍ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതും ശശികല പക്ഷത്തിന് തിരിച്ചടിയായി.

ശശികലയ്ക്ക് പണിവരുന്നതേ ഉള്ളൂ

ശശികല പക്ഷം എഐഎഡിഎംകെയില്‍ നിന്നും പൂര്‍ണമായും പുറത്തായ നിലയിലാണിപ്പോള്‍. ഇതോടെ പനീര്‍ശെല്‍വം പാര്‍ട്ടിയിലും ഭരണത്തിലും നിലയുറപ്പിക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേര്‍ക്ക് ജയലളിതയുടെ മരണവും ഓപിഎസ് ആയുധമായി പൂര്‍വ്വാധികം ശക്തിയോടെ ഉപയോഗിക്കും.

English summary
AIADMK factions decided to merger and OPS set to return as Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X