പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനൊപ്പം 2 പ്രതിഷേധങ്ങള്‍, രാജ്യതലസ്ഥാനം അതീവ ജാഗ്രതയില്‍
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനൊപ്പം ദില്ലിയില്‍ അരങ്ങേറുന്നത് രണ്ട് പ്രതിഷേധങ്ങളും, വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ദില്ലി പോലീസാണ് സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. ന്യൂഡല്‍ഹി ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ പ്രതിഷേധവും, കര്‍ഷക സംഘടനകളുടെ പ്രതിഷേധവും ഈ ദിവസം നടക്കുന്നുണ്ട്.

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 28ന് ദില്ലിയുടെ അതിര്‍ത്തികളില്‍ നിന്ന് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. അതേസമയം മാര്‍ച്ച് സമാധാനപരമായിരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ കര്‍ഷകര്‍ മാര്‍ച്ചുമായി എത്തുക. പതിനൊന്നരയ്ക്ക് ജന്തര്‍മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിര്‍ത്തികളില്‍ നിന്നും ദില്ലിക്ക് അകത്തേക്ക് മാര്‍ച്ച് നടത്തും. നേരത്തെ ബ്രിജ് ഭൂഷണെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയ സംപ്രേഷണ ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗുസ്തി താരങ്ങളുടെ സമരം കൂടി കണക്കിലെടുത്താണ് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനമുണ്ടാവുമോ എന്ന് വ്യക്തമല്ല.
പതിനെട്ടോളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. അതേസമയം തനിക്കെതിരെയുള്ള പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആരോപിച്ചു.
സര്‍ക്കാരിനെ കൊണ്ട് പോക്‌സോ കേസ് പിന്‍വലിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ബ്രിജ് ഭൂഷണ്‍ വെല്ലുവിളിച്ചു. പോക്‌സോ കേസ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മന്ത്രിപദവിയില്‍ ഇരിക്കുന്നവര്‍ പോലും അതില്‍ നിന്ന് മുക്തരല്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം ജൂണ്‍ അഞ്ചിന് മെഗാ റാലിയുമായി തന്റെ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് ബ്രിജ് ഭൂഷണ്‍. പതിനൊന്ന് ലക്ഷം പേര്‍ ഈ റാലിയില്‍ പങ്കെടുക്കും. പോക്‌സോ നിയമം കൃത്യമായ ബോധ്യമില്ലാതെ കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമമാണ്. അതിപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.












Click it and Unblock the Notifications