പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം; പ്രഖ്യാപിച്ച് കൂടുതല്‍ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് പുറമെ, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും സിപിഐയും ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. എഎപി രാജ്യസഭാ എംപി സഞ്ജയ് സിങും, തൃണമൂല്‍ എംപി ദെരക് ഒബ്രിയനുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ എഎപി തീരുമാനിച്ചുവെന്ന് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം ഞാന്‍ മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് മോദിക്ക് എന്ന് തൃണമൂല്‍ എംപി ഒബ്രിയന്‍ കുറ്റപ്പെടുത്തി.

സിപിഐ പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. അതേസമയം, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ജെഡിഎസ് എന്നീ കക്ഷികളുടെ നിലപാട് എന്താകുമെന്നും വ്യക്തമല്ല. മോദി ഉദ്ഘാടനം ചെയ്യുന്നു, സവര്‍ക്കറുടെ ജന്മദിനം ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തു എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇരുസഭകളുടെയും മുകളിലാണ് രാഷ്ട്രപതി. പ്രധാനമന്ത്രി രാഷ്ട്രപതിക്ക് താഴെയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ഉചിതമല്ല എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിജെപി ആരോപിക്കുന്നു. നേരത്തെ പാര്‍ലമെന്റിന്റെ ചില ബ്ലോക്കുകളും മറ്റും കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഉദ്ഘാടനം ചെയ്ത ചരിത്രമുണ്ടെന്നും പിന്നെ എന്തിനാണ് മോദിയുടെ കാര്യത്തില്‍ മാത്രം വിവാദമുണ്ടാക്കുന്നതെന്നും ബിജെപി ചോദിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പുതിയ പാര്‍ലമെന്റിന് തറക്കല്ലിട്ട വേളയില്‍ രാഷ്ട്രപതിയെ മറികടന്നാണ് നരേന്ദ്ര മോദി പ്രവര്‍ത്തിച്ചത്. സമാനമായ നീക്കം ഉദ്ഘാടനത്തിനും നടത്തുകയാണെന്ന് സിപിഎം പ്രതികരിച്ചു. ഇതുവരെ 19 പാര്‍ട്ടികളാണ് പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷമില്ലാതെയാകും ഉദ്ഘാടനം എന്ന് വ്യക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, എഎപി, എന്‍സിപി, ശിവസേന (ഉദ്ധവ് വിഭാഗം), സിപിഎം, സിപിഐ, എസ്പി, ആര്‍ജെഡി, മുസ്ലിം ലീഗ്, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ 19 പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications