പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രജനീകാന്ത്
ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ രജനീകാന്ത്. തമിഴ് ശക്തിയുടെ പ്രതീകമാണ് ചെങ്കോൽ എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്ത് പ്രധാനമന്ത്രിക്ക് അഭിനന്ദനവുമായി എത്തിയത്.
"തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴർക്ക് അഭിമാനിക്കാൻ ഇടനൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തു. പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് രജനീകാന്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി ചരിത്ര പ്രാധാന്യമുള്ള ചെങ്കോൽ ഏറ്റുവാങ്ങിയത്. . ഈ സ്വർണച്ചെങ്കോൽ തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് പ്രധാനമന്ത്രിക്ക് കൈമാറിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ആണ് ജവഹർലാൽ നെഹ്റു ചെങ്കോൽ ഏറ്റുവാങ്ങിയത്
അതേസമയം, പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി ഗാന്ധി പ്രതിമയക്ക് മുന്നിൽ പുഷ്പ്പാർച്ചന നടത്തി. പുതിയ നിയമ സഭാ മന്ദിരത്തിന് പുറത്ത് നടന്ന പൂജ, ഹോമ ചടങ്ങുകളിൽ മോദി പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പുരോഹിതന്മാരാണ് പൂജ നടത്തിയത്.
പൂർണകുംഭം നൽകിയാണ് പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചെങ്കോൽ അദ്ദേഹം ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു. തിരുവാവടുതുറൈ പുരോഹിതരാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്. ചെങ്കോൽ പ്രാർത്ഥനാപൂർവ്വം ആണ് അദ്ദേഹം ഏറ്റുവാങ്ങിയത്. ഉച്ചയ്ക്കു 12ന് പാർലമെന്റ് കുറിച്ചുള്ള വീഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ച് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷക്കെ 20 പാർട്ടികൾ പാർലമെന്റ് മന്ദിര സമർപ്പണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പം കർഷക സംഘടനകൾ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യ വാഹനങ്ങള്‌ക്ക് 3 മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications