ഭരണഘടനാ തത്വങ്ങള്‍ പിന്തുടരും: എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി
ഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ നിയുക്ത എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇന്ന്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. മുന്നോട്ടുള്ള യാത്രയില്‍ എല്ലാവരുടേയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
"പാർലമെൻ്ററി ജനാധിപത്യത്തിൽ ഇത് മഹത്തായ ദിനമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി നമ്മുടെ സ്വന്തം പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നു. നേരത്തെയൊക്കെ പഴയ പാർലമെൻ്റ് മന്ദിരത്തിലാണ് സത്യ പ്രതിജ്ഞ നടന്നിരുന്നത്. ഈ സുപ്രധാന ദിനത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാർക്കും ഞാൻ ഹൃദ്യമായ സ്വാഗതം, ആശംസകൾ എന്നിവ അറിയിക്കുന്നു." പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) ചരിത്രപരമായ മൂന്നാം ടേമിനെയും പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ഇന്ത്യയെ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കാനുമുള്ള മുന്നണിയുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ അടിയന്തരവാസ്ഥ കാലത്തേയും നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടെന്നും ഓർമ്മപ്പെടുത്തിയ അദ്ദേഹം തന്റെ സർക്കാർ ഭരണഘടനാ തത്വങ്ങള്‍ പിന്തുടരുമെന്നും കൂട്ടിച്ചേർത്തു
അതേസമയം, പ്രതിപക്ഷ ബഹളത്തോടെയാണ് പാർലമെന്റിന്റെ ആദ്യ സമ്മേളനം തുടങ്ങിയത്. ബഹളത്തിനിടെ ആദ്യം അംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യ പ്രതിജ്ഞ ചെയ്തു. നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ച, പ്രോടെം സ്പീക്കർ പദവി എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്രോടേം സ്പീക്കറെ തിരഞ്ഞെടുത്തതില്‍ വിവാദങ്ങളില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്. എല്ലാ കക്ഷികളുമായും താന്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായുള്ള സൂചനയുമുണ്ട്.
അതിനിടെ പ്രോടെം സ്പീക്കറുടെ സഹായ പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതിലുളള പ്രതിഷേധ സൂചകമായാണ് തീരുമാനം. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഡിഎംകെയിലെ ടി ആര്‍ ബാലു, കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ എന്നിവര്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications