പാര്‍ലമെന്റില്‍ 'നോട്ട് കത്തിക്കാന്‍' പ്രതിപക്ഷം...ശീതകാല സമ്മേളനത്തിന് തുടക്കം...
നോട്ട് വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷ കക്ഷികളുടെ ശ്രമം.
ദില്ലി: നോട്ട് നിരോധനം കാരണം രാജ്യത്തെ ജനങ്ങള്‍ വലയുമ്പോള്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. നോട്ട് വിഷയം തന്നെയാകും ശീതകാല സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയമെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നോട്ട് വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാവും ശ്രമിക്കുക.
നോട്ട് പിന്‍വലിക്കല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ആനന്ദ് ശര്‍മ്മ കത്ത് നല്‍കിയിട്ടുണ്ട്. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ശേഷം മറ്റു പ്രതിപക്ഷ കക്ഷികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തു.

നോട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നോട്ട് പിന്‍വലിക്കുന്ന കാര്യം നരേന്ദ്രമോദി വന്‍കിട മുതലാളിമാര്‍ക്ക് നേരത്തെ ചോര്‍ത്തി കൊടുത്തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കലുഷിതമായ ഒരു ശീതകാല സമ്മേളനത്തിനാണ് ബുധനാഴ്ച പാര്‍ലമെന്റില്‍ തുടക്കമാകുന്നത്.
നോട്ട് വിഷയം കൂടാതെ ജി എസ് ടി ബില്‍, വാടകഗര്‍ഭ ഭേദഗതി ബില്‍, അഴിമതി തടയല്‍ ബില്‍ തുടങ്ങിയ ഒമ്പത് ബില്ലുകളും ശീതകാല സമ്മേളനം പരിഗണിക്കുന്നുണ്ടെങ്കിലും നോട്ട് വിഷയം തന്നെയാകും ശീതകാല സമ്മേളനത്തിലെ മുഖ്യവിഷയം എന്നത് തീര്‍ച്ചയാണ്.












Click it and Unblock the Notifications