എംപിമാരുടെ ശമ്പളവര്‍ധന: ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി
ദില്ലി: എം പിമാരായാലും എം എല്‍ എമാരായാലും സഭയിലുള്ള എല്ലാവരുടെയും ഐക്യം നമ്മള്‍ കൃത്യമായി കണ്ടിരുന്ന ഒരു കാര്യമാണ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുക എന്ന പരിപാടി. എന്നാല്‍ അതിനും ഇതാ ഒരു മാറ്റം. എം പിമാരുടെ ശമ്പളം വര്‍ധിപ്പിക്കുക എന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ തള്ളിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍.
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നത് അടക്കമുള്ള 65 ശുപാര്‍ശകളില്‍ പകുതിയിലധികവും കേന്ദ്രം തള്ളിക്കളഞ്ഞു. ബി ജെ പി എം പിയായ യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ നല്‍കിയത്. കേന്ദ്രം തള്ളിയതും പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതുമായ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കൂ..

ശമ്പളം ഇരട്ടിയാകില്ല, പെന്‍ഷനും കൂടില്ല
എം പിമാരുടെ ശമ്പളം ഇരട്ടിയാക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കേന്ദ്രം തള്ളിയ രണ്ട് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. നിലവില്‍ 50,000 രൂപ മാസശമ്പളവും സിറ്റിംഗ് അലവന്‍സ് ഇനത്തില്‍ ദിവസം 2000 രൂപയുമാണ് എം പിമാര്‍ക്ക് കിട്ടുന്നത്.

ഇനിയും കൂട്ടണമെന്നോ
2010ലാണ് എം.പിമാരുടെ വേതനം അവസാനമായി പുതുക്കിയത്. ജീവിത ചെലവുകള്‍ കൂടിയതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തത്.

പെന്‍ഷന്‍ കൂടി 35000 കടക്കും
എം പിമാര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ 20,000 രൂപയാണ്. ഇതിനെ 35,000 രൂപയാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയും അംഗീകരിക്കപ്പെട്ടില്ല.

അലവന്‍സും കൂടില്ല
ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന എം പിമാര്‍ക്ക് വിമാനക്കൂലിക്കൊപ്പം തുല്യമായ തുക അലവന്‍സായി നല്‍കണമെന്ന ശുപാര്‍ശയും കേന്ദ്രം പരിഗണിച്ചില്ല.

സഹായികള്‍ സെക്കന്‍ഡ് ക്ലാസില്‍ തന്നെ മതി
എം പിയുടെ സഹായികള്‍ക്ക് സൗജന്യ എ.സി ഫസ്റ്റ്ക്ലാസ് പാസ് വേണമെന്ന ശുപാര്‍ശയും തള്ളപ്പെട്ടു. എം പിക്കും പങ്കാളിക്കും എസി ഫസ്റ്റ് ക്ലാസ് സൗകര്യം ഇപ്പോള്‍ തന്നെ ഉണ്ട്.

അലവന്‍സും കൂടില്ല
പ്രതിനിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 5000 ആക്കണം, ഔദ്യോഗിക വാഹനം നല്‍കണം, തലസ്ഥാനങ്ങളില്‍ ഗസ്റ്റ് ഹൗസ് അനുവദിക്കണം തുടങ്ങിയ ശുപാര്‍ശങ്ങള്‍ പരിഗണിക്കപ്പെട്ടില്ല.

ആ ട്രോളും നടക്കില്ല
മുന്‍ എം പിമാരെ ടോളില്‍ നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശയും അംഗീകരിക്കപ്പെട്ടില്ല.

വികസനത്തിന് ഫണ്ടുണ്ട്
എം പിമാര്‍ക്ക് അവരുടെ മണ്ഡലങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തുക അഞ്ചു കോടി രൂപയില്‍ നിന്നും ഓരോ വര്‍ഷവും ഉയര്‍ത്തണമെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടു.

ശമ്പളം കൂടാതെ കിട്ടുന്നത്
ശമ്പളത്തിന് പുറമേ എം പിമാര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന സൗകര്യങ്ങള്‍ ഇവയാണ്. സര്‍ക്കാര്‍ ചെലവില്‍ താമസം, 50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 4000 കിലോ ലിറ്റര്‍ വെള്ളം ഇങ്ങനെ പോകുന്നു പട്ടിക.












Click it and Unblock the Notifications