അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി: ട്വിറ്ററിനോട് മറുപടി തേടി പാര്‍ലമെന്‍ററി സമിതി
ദില്ലി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെയും അക്കൗണ്ടുകൾ തടഞ്ഞതിൽ ട്വിറ്ററിന്‍റെ മറുപടി തേടി പാർലമെന്‍ററി സമിതി. അക്കൗണ്ടുകള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ട്വിറ്ററിന് കത്ത് അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യൂഎസ് ഡിജിറ്റൽ മില്ലേനിയം കോപ്പിറൈറ്റ് ആക്ട് ലംഘിച്ചു എന്ന കാരണം ആരോപിച്ചായിരുന്നു കേന്ദ്ര മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ട്വിറ്റർ ഒരു മണിക്കൂറോളം തടഞ്ഞത്. പുതിയ ഐടി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇത്തരമൊരു നീക്കം.
അതേസമയം ഗൂഗിള്‍, ഫെയ്സ്ബുക്ക് പ്രതിനിധികള്‍ ഇന്ന് ഐടി - പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ കർശനമായി നടപ്പാക്കണമെന്ന് ഗൂഗിള്‍, ഫെയ്സ്ബുക്ക് പ്രതിനിധികളോട് ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി നിര്‍ദേശിച്ചു. രാജ്യത്തെ ഡാറ്റാ സ്വകാര്യതയെയും ഡാറ്റാ സുരക്ഷയെയും കുറിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. ഇന്ത്യൻ സർക്കാർ തയ്യാറാക്കിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സമിതി രണ്ട് കമ്പനികളുടേയും പ്രതിനിധികളോട് വ്യക്തമാക്കി.

Recommended Video
ഫേസ്ബുകിന്റെ ഇന്ത്യയിലെ പോളിസി ഡയറക്ടര്‍ ശിവ്‌നാഥ് തുക്രല്‍, ജനറല്‍ കോണ്‍സല്‍ നമ്രത സിങ് എന്നിവരാണ് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് മുമ്പാകെ ഹാജരായത്. ഡാറ്റാ സുരക്ഷയെയും സ്വകാര്യതയെയും സംബന്ധിച്ച നിലവിലെ നയങ്ങള്‍ അസ്വീകാര്യമാണെന്ന് സമിതി ഗൂഗിളിനോടും ഫേസ്ബുക്ക് അധികൃതരോടും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബ് ഉള്‍പ്പടേയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളോടും വരും ആഴ്ചകളില്‍ ഹാജരാകാന്‍ സമിതി നിര്‍ദേശിക്കുന്നുണ്ട്.












Click it and Unblock the Notifications