തട്ടിപ്പിലൂടെ പാര്‍ത്ഥ ചാറ്റര്‍ജി സമ്പാദിച്ചത് കോടിക്കണക്കിന് രൂപ, എല്ലാം ഒളിപ്പിച്ചത് അര്‍പിതയുടെ വീട്ടില്‍
കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വന്‍തുക സമ്പാദിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയെ അറിയിച്ചു. കേസില്‍ തിങ്കളാഴ്ചയാണ് ഇ ഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ് എസ് സി) റിക്രൂട്ട്മെന്റ് അഴിമതിയില്‍ പാര്‍ത്ഥ ചാറ്റര്‍ജിക്കും അദ്ദേഹത്തിന്റെ സഹായി അര്‍പ്പിത മുഖര്‍ജിക്കും എതിരെയാണ് ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എസ് എസ് സി അഴിമതിയില്‍ പണം സമ്പാദിച്ചതിനു പുറമേ, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും അഴിമതികളിലൂടെയും പാര്‍ത്ഥ ചാറ്റര്‍ജി വന്‍തുക സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ഈ പണം അര്‍പ്പിത മുഖര്‍ജിയുടെ പേരിലാണ് അദ്ദേഹം ഒളിപ്പിച്ചത്. അതില്‍ 49.8 കോടി രൂപ കൊല്‍ക്കത്തയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും ഇ ഡി വ്യക്തമാക്കി. തന്റെ സ്ഥാപനത്തില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടെടുത്ത പണം പാര്‍ത്ഥ ചാറ്റര്‍ജിയുടേതാണ് എന്ന് അര്‍പിത മുഖര്‍ജി ഇ ഡിയോട് സമ്മതിച്ചിരുന്നു.

അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് കണ്ടെടുത്ത 50 കോടിയോളം രൂപ പാര്‍ത്ഥ ചാറ്റര്‍ജിയുടേതാണ് എന്നതിന് തര്‍ക്കമില്ലാത്ത തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇ ഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി. പാര്‍ത്ഥ ചാറ്റര്‍ജി അധഃസ്ഥിതരെ ചൂഷണം ചെയ്യുകയും അവരുടെ സമ്മതമോ അറിവോ ഇല്ലാതെ ഷെല്‍ കമ്പനികളുടെ ഡമ്മി ഡയറക്ടറുകളാക്കുകയും ചെയ്തെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നിന്ന് സമ്പാദിച്ച ഈ കള്ളപ്പണം വെളുപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിച്ചത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ നിയന്ത്രണത്തിലുള്ള അനന്ത ടെക്സ്ഫാബ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്ത അതേ വിലാസത്തില്‍ നിന്നാണ് ഇഡി 27.90 കോടി രൂപ പണവും 4.31 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും കണ്ടെടുത്തത്.

അനന്ത ടെക്സ്ഫാബ് പ്രൈവറ്റ് ലിമിറ്റഡ്, സിംബയോസിസ് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വ്യൂമോര്‍ ഹൈറൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ പാര്‍ത്ഥ ചാറ്റര്‍ജി ഡമ്മി ഡയറക്ടര്‍മാരെ നിയമിച്ചിരുന്നു. സെന്‍ട്രി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എച്ചയ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു അര്‍പിത മുഖര്‍ജി.

കമ്പനികളുടെ പേരില്‍ സൂക്ഷിക്കുന്ന അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും പിന്നീട് കമ്പനികളുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തുകൊണ്ട് ഫണ്ട് വെളുപ്പിക്കുന്നതിന് ഉപയോഗിക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. ജോലി ലഭിക്കാന്‍ പണം നല്‍കിയെങ്കിലും ഇവരില്‍ കുറച്ചുപേര്‍ക്ക് പണം നല്‍കിയ ശേഷം ജോലി നല്‍കിയിരുന്നില്ല. ഇവരുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications