'നിങ്ങളുടെ പരസ്യത്തിന്റെ അത്ര വലുപ്പമുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്?' രാംദേവിനെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കല്‍ പരസ്യത്തിനെതിരായ കേസില്‍ യോഗഗുരു ബാബാ രാംദേവിന് ഇന്നും സുപ്രീംകോടതിയുടെ നിശിത വിമര്‍ശനം. ഇന്ന് പത്രങ്ങളില്‍ നല്‍കിയ മാപ്പിന്റെ വലുപ്പം അതിന്റെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ പേജ് പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. രാംദേവിനും ബാലകൃഷ്ണയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ചതായി പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.
അതേസമയം എന്തിനാണ് ഇപ്പോള്‍ മാപ്പ് നല്‍കിയതെന്നും അത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. 10 ലക്ഷം രൂപ ചെലവില്‍ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതായി മുകുള്‍ റോത്തഗി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം. 'മാപ്പപേക്ഷ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? നിങ്ങളുടെ മുന്‍ പരസ്യങ്ങളുടെ അതേ ഫോണ്ടും വലുപ്പവും അതിനുണ്ടോ?' ജസ്റ്റിസ് ഹിമ കോലി ചോദിച്ചു.

അതിനിടെ പതഞ്ജലിക്കെതിരായ കേസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും പതഞ്ജലി ആയുര്‍വേദ് പറഞ്ഞു. രാംദേവിന്റെയും ബാലകൃഷ്ണയുടെയും ക്ഷമാപണം കോടതി നേരത്തെ നിരസിച്ചിരുന്നു.
ഏപ്രില്‍ 16 ന് നടന്ന അവസാന ഹിയറിംഗില്‍, ഇരുവരോടും ഇന്ന് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പത്രങ്ങളില്‍ മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് രാംദേവ് പറഞ്ഞതിനെ തുടര്‍ന്ന് സുപ്രീം കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. 2021-ല്‍ പതഞ്ജലി കൊറോനില്‍ എന്ന മരുന്ന് പുറത്തിറക്കിയതും രാംദേവ് ഇതിനെ കൊവിഡ് ഭേദമാക്കാനുള്ള ആദ്യത്തെ മരുന്ന് വിളിച്ചതുമാണ് കേസിനാധാരമായത്.
ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ കൊറോനിലിന് ഉണ്ടെന്നും പതഞ്ജലി അവകാശപ്പെട്ടിരുന്നു. അലോപ്പതി ഒരു വിഡ്ഢിത്തവും പാപ്പരത്തവുമുള്ള ശാസ്ത്രമാണെന്ന് രാംദേവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎയും പതഞ്ജലിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. രാംദേവിന് ഐഎംഎ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
2022 ഓഗസ്റ്റില്‍ 'അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍: ഫാര്‍മയും മെഡിക്കല്‍ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കുക' എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പതഞ്ജലിക്കെതിരെ ഐഎംഎ ഹര്‍ജി നല്‍കി. പതഞ്ജലി മരുന്നുകള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയ്ഡ്, ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, ആസ്ത്മ എന്നിവയുള്ളവരെ സുഖപ്പെടുത്തിയെന്നായിരുന്നു പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് സുപ്രീം കോടതി പതഞ്ജലിക്ക് ഇത്തരം അവകാശവാദങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ശരിയായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന്റെ പേരിലും രാംദേവിനും ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റിരുന്നു.












Click it and Unblock the Notifications