50രൂപ നല്‍കിയാല്‍ പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ കയറാം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ദില്ലി: പത്താന്‍കോട് വ്യോമസേന താവളത്തില്‍ പലപ്പോഴായി സുരക്ഷാ വീഴ്ചകള്‍ നടത്തതായി റിപ്പോര്‍ട്ട്. 50 രൂപ നല്‍കിയാല്‍ കാലികളെ മേയ്ക്കാന്‍ തദ്ദേശീയര്‍ക്ക് അനുവാദം നല്‍കിയതായും എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചവരെ കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ഇതോടെ ഭീകരവാദികള്‍ക്ക് വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചതായുള്ള സംശയവും ശക്തമാണ്.
ഫോണ്‍കോളുകളും മറ്റു വിവരങ്ങളും കൂടൂതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കികൊണ്ട് മാത്രമേ കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ സാധിക്കുകയുള്ളുവെന്ന് എന്‍ ഐ എ വ്യക്തമാക്കി. ഭീകരര്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘത്തിന് നേരത്തെയും സംശയം ഉണ്ടായിരുന്നു. ഭീകരര്‍ വ്യോമസേനാ താവളത്തിനുള്ളില്‍ കടന്നത് പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറി കമ്പിവേലി മുറിച്ച് ചാടികടന്നെന്നാണ് കണ്ടെത്തല്‍.

ഇതേ സമയം ഇവിടെ ഫഌഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ടിയിരുന്ന ലൈറ്റുകളുടെ ദിശമാറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതേസമയം കേസുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിന്റെ മറുപടികളില്‍ അന്വേഷണ സംഘത്തിന് തൃപ്തികരമല്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടെ ഇന്ത്യ പാകിസ്ഥാന് കൈമാറിയ ചില സുപ്രധാന രേഖകള്‍ പാകിസ്ഥാന്‍ പരിശോധിച്ചിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. വധിച്ച ആറു ഭീകരരുടെ ഫോണ്‍ നമ്പറുകള്‍ പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നാണ് പാകിസ്ഥാന്റെ വാദം. ഇതേ സമയം പഞ്ചാബില്‍ നിന്നും അറസ്റ്റു ചെയ്ത ഭീകരരുടെ വിവരങ്ങല്‍സ പുറത്തു വിടാനും പാകിസ്ഥാന്‍ തയാറായിട്ടില്ല.












Click it and Unblock the Notifications