'സൂറത്ത് കേസിന്റെ തിരക്കിലാണ്'; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായില്ല, 25ന് എത്താന്‍ കോടതി
പട്‌ന: വിവാദ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത കേസ് അടുത്ത 25ന് പട്‌ന കോടതി വീണ്ടും പരിഗണിക്കും. ഈ വേളയില്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ ഇന്നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ഇന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ എത്തിയില്ല. സൂറത്ത് കേസിന്റെ തിരക്കിലായതിനാല്‍ ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പട്‌നയില്‍ പരാതി നല്‍കിയത്. കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലൂടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം. ഇതേ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

നേരത്തെ മാര്‍ച്ച് 18നാണ് പട്‌ന കോടതി ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ 12ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംപിമാരും എംഎല്‍എമാരും പ്രതികളായ കേസ് പരിഗണിക്കുന്ന പട്‌ന കോടതിയിലെ മജിസ്‌ട്രേറ്റ് ആദി ദേവ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് അസൗകര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
സൂറത്ത് കേസുമായി ബന്ധപ്പെട്ട തിരക്കിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് ഹാജരാകാന്‍ മറ്റൊരു തിയ്യതി തരണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഈ വേളയിലാണ് ഏപ്രില്‍ 25ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് എത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ മിക്ക നടപടികളും പൂര്‍ത്തിയായതാണ്. രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുകയാണ് അടുത്ത നടപടി.
രാഹുല്‍ ഗാന്ധി ഹാജരായാല്‍ മൊഴി രേഖപ്പെടുത്തുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷക പ്രിയ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയിലെ കോലാറില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. എല്ലാ കള്ളന്മാരുടെ പേരിനൊപ്പം എങ്ങനെ മോദി എന്ന് വന്നു എന്ന ചോദ്യമാണ് വിവാദമായത്. തട്ടിപ്പ് നടത്തി മുങ്ങിയ ലളിത് മോദി, നീരവ് മോദി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും അദ്ദേഹം പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ പൂര്‍ണേഷ് മോദി എന്ന ഗുജറാത്തിലെ മുന്‍ മന്ത്രി സൂറത്ത് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയാണ് ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇതിനെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ ജില്ലാ കോടതി അംഗീകരിച്ചു. ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, പൂര്‍ണേഷ് മോദി ഇന്ന് സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്നു. കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതാക്കളെ കൊണ്ട് വന്ന് കോടതിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് രാഹുല്‍ ഗന്ധി ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാലിശമായ നീക്കമാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ നടത്തിയതെന്നും പൂര്‍ണേഷ് മോദി കോടതിയെ അറിയിച്ചു.
രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി നാളെ പരിഗണിച്ചേക്കും. ഇതിന് പുറമെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതിയിലും രാഹുല്‍ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസിനെ കൗരവര്‍ എന്ന് വിശേഷിപ്പിച്ചു എന്നാണ് പരാതി. ഇത് സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications