വിജയ് ഉപമുഖ്യമന്ത്രിയാകുമോ? പവന്‍ കല്യാണ്‍ നല്‍കിയ ഉപദേശം ഇങ്ങനെ, പ്ലാന്‍ ബി ഇറക്കണം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം സജീവമാക്കവെയാണ് നടന്‍ വിജയ് തിരിച്ചടി നേരിട്ടത്. അദ്ദേഹത്തിന്റെ ടിവികെ എല്ലാ ആഴ്ചയും നടത്തിവന്ന റാലി ഇതോടെ അവസാനിപ്പിക്കേണ്ടി വന്നു. കരൂര്‍ ദുരന്തത്തെ തുടര്‍ന്നുള്ള നിയമ പോരാട്ടം സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. എങ്കിലും വിജയ്ക്ക് അതിവേഗം തിരിച്ചുവരാന്‍ സാധിക്കാത്ത സാഹചര്യവുമാണ്.
ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ വിജയ് പതറി എന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനം. എന്നാല്‍ മറ്റു രാഷ്ട്രീയ നേതാക്കളെ പോലെ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ വിജയുടെ താര പരിവേഷം തടസമാണ്. വിജയ് പുറത്തിറങ്ങിയാല്‍ സ്വാഭാവികമായും രൂപപ്പെടുന്ന ജനക്കൂട്ടം അദ്ദേഹത്തിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് തടസം നില്‍ക്കുന്നു. ഈ വേളയിലാണ് ചില രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.

കരൂര്‍ ദുരന്തമുണ്ടായ പിന്നാലെ വിജയിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു. ചില ബിജെപി നേതാക്കളും അദ്ദേഹവുമായി ബന്ധപ്പെട്ടു എന്നാണ് വിവരം. അണ്ണാ ഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി വിജയുമായി ടെലിഫോണില്‍ സംസാരിച്ചതും വലിയ വാര്‍ത്തയായി.
രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകുക പ്രയാസമാണെന്നും സഖ്യം ചേര്‍ന്ന് ഒന്നിച്ചു കുതിക്കാമെന്നുമായിരുന്നു എടപ്പാടിയുടെ ഫോണ്‍ വിളിയുടെ ചുരുക്കം. ജനുവരിയില്‍ പൊങ്കലിന് ശേഷം മറുപടി പറയാമെന്നാണ് വിജയ് പ്രതികരിച്ചതത്രെ. എന്നാല്‍ ഇപ്പോള്‍ വിജയുമായി തെലുഗു നടനും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ സംസാരിച്ചു എന്നാണ് പുതിയ വിവരം.
പവന്‍ കല്യാണ്‍-വിജയ് ഫോണ്‍ സംഭാഷണം
രാഷ്ട്രീയ തട്ടകത്തില്‍ സിനിമാ രംഗത്തു നിന്ന് എത്തിയവരാണ് പവന്‍ കല്യാണും വിജയിയും. അതുകൊണ്ടുതന്നെ ഇരുവരെയും താരമത്യം ചെയ്ത് സംസാരിക്കുന്നവരും നിരവധിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും പത്തു വര്‍ഷത്തോളം പച്ച തൊടാതിരുന്ന പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് മികച്ച വിജയം നേടിയതും ടിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതും. ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയായപ്പോള്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായി.
വിജയുമായി ഫോണില്‍ സംസാരിച്ച പവന്‍ കല്യാണ്‍, രാഷ്ട്രീയത്തില്‍ സഖ്യമുണ്ടാക്കുന്നത് വളരെ പ്രധാനമാണ് എന്ന ഉപദേശിച്ചുവത്രെ. തനിച്ച് മുന്നോട്ട് പോകുന്നത് പ്രയാസമാകുമെന്നും അദ്ദേഹം വിജയിയെ അറിയിച്ചു. എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ ചേരാനും നിര്‍ദേശിച്ചു. ജയിച്ചാല്‍ ഉപമുഖ്യമന്ത്രി പദം കിട്ടാനുള്ള വഴിയാണിത്. തോറ്റാല്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന പദവിയും കിട്ടാന്‍ വഴിയൊരുങ്ങുമെന്നും പവന്‍ കല്യാണ്‍ ഉപദേശിച്ചു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ വാര്‍ത്ത. നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ മാറ്റി പുതിയ പരീക്ഷണം നടത്തണം എന്നും പവന്‍ ഉപദേശിച്ചുവത്രെ.
വിജയ് ആദ്യ രാഷ്ട്രീയ സമ്മേളനം നടത്തിയപ്പോള്‍ അഭിനന്ദിച്ച് രംഗത്തുവന്ന വ്യക്തിയാണ് പവന്‍ കല്യാണ്‍. അതേസമയം, ഒറ്റയ്ക്ക് മല്‍സരിച്ച് തമിഴ്‌നാടിന്റെ ഭരണം പിടിക്കുമെന്നാണ് നേരത്തെ വിജയുമായി ബന്ധമുള്ളവര്‍ പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിലെ ഡിഎംകെ, കേന്ദ്രത്തിലെ ബിജെപി എന്നിവരെ നിശിതമായി വിജയ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിജയുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. വിജയ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications