ശൈശവ വിവാഹത്തിന് പോയാല്‍ 1ലക്ഷം പിഴ
ജയ്പൂര്‍: വീട് രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലാണോ. എങ്കില്‍ വിവാഹത്തിന് ക്ഷണിക്കാനായി ആരെങ്കിലും വന്നാല്‍, കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും വയസ് ഒന്ന് ചോദിച്ച് മനസിലാക്കി വെക്കുന്നത് നന്നായിരിക്കും. കാര്യം വേറൊന്നുമല്ല, ശൈശവ വിവാഹത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ 1 ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പിഴ മാത്രം പോര, രണ്ട് വര്‍ഷത്തെ കഠിന തടവും അനുഭവിക്കണം.
രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ കുനാലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വധൂവരന്മാരുടെ വീട്ടുകാരും ബന്ധുക്കളും മാത്രമല്ല, വിവാഹം കൂടാനെത്തുന്നവരും, കല്യാണത്തിന് ക്ഷണക്കത്ത് അടിക്കുന്ന പ്രസ്സുകാരനും എല്ലാം കുറ്റക്കാരുടെ പട്ടികയില്‍ പെടും. സദ്യ വിളമ്പുന്നവര്‍ മുതല്‍ കല്യാണം ആഘോഷമാക്കാന്‍ വരുന്ന ഗാനമേളക്കാര്‍ പോലും രക്ഷപ്പെടില്ല.

ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വേണ്ടി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി വിവരം കിട്ടിയാല്‍ പൊതു ജനങ്ങള്‍ക്ക് വിളിച്ചറിയിക്കാനായി പ്രത്യേക നമ്പറും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശൈശവ വിവാഹം ഇല്ലാതാക്കുമെന്ന് കളക്ടറേറ്റിലെ ജീവനക്കാര്‍ അക്ഷയ തൃതീയ, പിപാല്‍ പൂര്‍ണിമ നാളില്‍ പ്രതിജ്ഞയെടുക്കും. ഈ രണ്ട് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്.
ക്ഷണക്കത്തുകള്‍ അച്ചടിക്കുന്നതിന് മുമ്പായി വധൂവരന്മാരുടെ ജനനത്തീയതികള്‍ പ്രസുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ശൈശവ വിവാഹം നടത്താന്‍ ശ്രമം നടന്നാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണം. സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ജയ്പൂര്‍ ജില്ലാ കളക്ടര്‍ മാതൃകാപരമായ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications