ബില്ലടയ്ക്കാനും നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ മതി, കേന്ദ്രത്തിന്റെ അറിയിപ്പ് തുണയാവും
ബില്ലുകള്‍, നികുതി, പിഴ, ഫീസ് എന്നീ ആവശ്യങ്ങള്‍ക്ക് നവംബര്‍ 11 വരെ ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്
ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ സാധാരണക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ബില്ലുകള്‍, നികുതി, പിഴ, ഫീസ് എന്നീ ആവശ്യങ്ങള്‍ക്ക് നവംബര്‍ 11 വരെ ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. നവംബര്‍ 11 അര്‍ദ്ധരാത്രി വരെ സംസ്ഥാന- കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈ പണം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ റെയില്‍വേ ടിക്കറ്റ്, എയര്‍ലൈന്‍ ടിക്കറ്റ്, ഗ്യാസ് സിലിണ്ടര്‍, ഡോക്ടറുടെ കുറിപ്പോടുകൂടിയ മരുന്ന് എന്നിവ വാങ്ങുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അറിയിപ്പ് ട്വീറ്റില്‍
സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്തയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഫീസ്, നികുതി, പിഴ എന്നിങ്ങനെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലേക്ക് അടയ്ക്കാനുള്ള തുക പഴയ നോട്ടായി സ്വീകരിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. മുനിസിപ്പാലിറ്റികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

കറണ്ട് ബില്ലും
കറണ്ട് ബില്ല്, വെള്ളക്കരം എന്നിവ അടയ്ക്കുന്നതിനും നവംബര്‍ 11 അര്‍ദ്ധരാത്രി വരെ പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ സ്വീകരിക്കുന്ന നോട്ടുകളുടെ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം
കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ച നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നല്‍കി മാറ്റിയെടുക്കുകയാണ് അനിവാര്യമായ മാര്‍ഗ്ഗം. പുതുക്കിയ 500, 1000 രൂപ നോട്ടുകളുടെ വിതരണം ബാങ്കുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് ആശ്വാസം
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ അറിയിപ്പ് പുറത്തുവന്നതോടെ സാധാരണക്കാരാണ് ദുരിതത്തിലായത.് എടിഎം കൗണ്ടറുകള്‍ കൂടി അടച്ചിട്ടതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ പണത്തിന് വേണ്ടി ദുരിതമനുഭവിച്ചത് സാധാരണക്കാരാണ്. ഈ ഘട്ടത്തിലാണ് കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍ ബില്ലടയക്കുന്നതുള്‍പ്പെടെയുള്ള അത്യാവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചത്.












Click it and Unblock the Notifications