
പെഗാസസില്‍ ഇനിയെന്ത്?; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സുപ്രീംകോടതി നിയോഗിച്ച സമിതി
ന്യൂദല്‍ഹി: ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 23 ന് ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഇതുമായി ബന്ധപ്പെട്ട തീര്‍പ്പാക്കാത്ത ഹര്‍ജികള്‍ പരിഗണിക്കും. 2021 ഒക്ടോബര്‍ 27-നാണ് ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.നവീന്‍ കുമാര്‍ ചൗധരി അടങ്ങുന്ന മൂന്നംഗ സാങ്കേതിക സമിതിയെ സുപ്രീംകോടതി രൂപീകരിച്ചത്.
കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ ഡോ. പി. പ്രഭാകരന്, ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വിന് അനില്‍ ഗുമസ്തെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതിയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര് വി രവീന്ദ്രനെയും അദ്ദേഹത്തെ സഹായിക്കാന്‍ മറ്റ് രണ്ട് വിദഗ്ധരായ മുന്‍ ഐ പി എസ് ഓഫീസര്‍ അലോക് ജോഷി, സൈബര്‍ സുരക്ഷാ വിദഗ്ധന്‍, ഡോ സുദീപ് ഒബ്റോയ് എന്നിവരെയും നിയമിച്ചിരുന്നു.

ഇസ്രായേല്‍ സ്ഥാപനമായ എന്‍ എസ് ഒ സൃഷ്ടിച്ച സ്പൈവെയറിന്റെ നിയമവിരുദ്ധമായ ഉപയോഗത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച 12 ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസുമാരായ രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. വിഷയത്തില്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദാംശങ്ങള്‍ പരസ്യമായി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയോട് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും സമിതി രൂപീകരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരസിച്ച കോടതി സ്വയം സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍, പത്രപ്രവര്‍ത്തകര്‍, വ്യവസായികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെ ചാരപ്രവര്‍ത്തനം നടത്താന്‍ ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകള്‍ സ്പൈവെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മാധ്യമ ഗ്രൂപ്പുകളുടെ ആഗോള കണ്‍സോര്‍ഷ്യം 2021 ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു.


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരായിരുന്നു ലക്ഷ്യമെന്ന് ദ വയര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി സുപ്രീംകോടതി സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സോഫ്റ്റ്വെയര് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തിരുന്നു. വ്യക്തികളെ നിരീക്ഷിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി സമിതിയോട് നിര്‍ദേശിച്ചിരുന്നു.

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയുക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ എന്നീ വിഷയങ്ങളാണ് രവീന്ദ്രന് സമിതി അന്വേഷിക്കുന്നത്.