കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ക്ക് ഭയമാണ് സര്‍!! അമിത് ഷായുള്ള വേദിയില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്, ഷായുടെ മറുപടി

Google Oneindia Malayalam News

മുംബൈ: കേന്ദ്രസര്‍ക്കാരിനെയും ബിജെപിയുടെയും വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യമാണുള്ളതെന്ന് പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രാഹുല്‍ ബജാജ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയാണ് രാഹുല്‍ ബജാജിന്റെ വാക്കുകള്‍. യുപിഎ ഭരിക്കുന്ന വേളയില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഭയമുണ്ടായിരുന്നില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇപ്പോള്‍ രാജ്യമാകെ ഒരു ഭയം നിലനില്‍ക്കുന്നു. വ്യവസായികള്‍ പോലും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും രാഹുല്‍ ബജാജ് സൂചിപ്പിച്ചു. അതേസമയം, രാഹുല്‍ ബജാജിന്റെ വാക്കുകള്‍ക്ക് കൃത്യമായ മറുപടി നല്‍കി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പിന്നീട് സംസാരിച്ചു...

 പ്രമുഖരും വ്യവസായികളും

പ്രമുഖരും വ്യവസായികളും

മുംബൈയില്‍ ദി ഇക്കണോമിക് ടൈംസിന്റെ ഇടി അവാര്‍ഡ് 2019 ചടങ്ങിലാണ് സംഭവം. പ്രമുഖരും വ്യവസായികളും കേന്ദ്രമന്ത്രിമാരുമെല്ലാം പങ്കെടുത്ത ചടങ്ങിലാണ് രാഹുല്‍ ബജാജ് രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് സൂചിപ്പിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇല്ലാത്ത ഭയം ഇപ്പോള്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തെ വിമര്‍ശിക്കണമെന്നുണ്ട്

കേന്ദ്രത്തെ വിമര്‍ശിക്കണമെന്നുണ്ട്

കേന്ദ്രസര്‍ക്കാര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. ചില കാര്യങ്ങളില്‍ തങ്ങള്‍ക്ക് കേന്ദ്രത്തെ വിമര്‍ശിക്കണമെന്നുണ്ട്. എന്നാല്‍ ഭയമാണ്. നിങ്ങള്‍ വിമര്‍ശനം അംഗീകരിക്കുമോ എന്ന ഭയം. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം, പക്ഷേ രാജ്യത്ത് അങ്ങനെ ഒരു സാഹചര്യം നിലവിലുണ്ടെന്നും രാഹുല്‍ ബജാജ് പറഞ്ഞു.

 അതിസമ്പന്നരെല്ലാം ചടങ്ങില്‍

അതിസമ്പന്നരെല്ലാം ചടങ്ങില്‍

റിലയന്‍സ് മേധാവ് മുകേഷ് അംബാനി, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിലാണ് രാഹുല്‍ ബജാജിന്റെ പ്രസ്താവന. ഗാന്ധി ഘാതകനെ പുകഴ്ത്തി ബിജെപി എംപി പ്രഗ്യസിങ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയും രാഹുല്‍ ബാജാജ് സൂചിപ്പിച്ചു.

ഏറെ ആശങ്കയുണ്ടാക്കുന്നു

ഏറെ ആശങ്കയുണ്ടാക്കുന്നു

പ്രഗ്യ സിങ് പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റി അംഗമായിരിക്കെയാണ് ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പുകഴ്ത്തിയത്. പ്രഗ്യയ്ക്ക് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറയുന്നുണ്ട്. ഇത്തരം പ്രസ്താവനകളെല്ലാം ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ ബജാജ് പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകം ഭയം വിതച്ചു

ആള്‍ക്കൂട്ട കൊലപാതകം ഭയം വിതച്ചു

ആള്‍ക്കൂട്ട കൊലപാതകം രാജ്യത്ത് ഭയം വിതച്ചിരിക്കുന്നു. അസഹിഷ്ണുതയുടെ ഒരു പരിസ്ഥിതി രൂപപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ പറായാന്‍ സാധിക്കുന്നില്ല. ഇത്തരം കേസുകളില്‍ പെട്ടവര്‍ ശിക്ഷിക്കപ്പെടുന്നുമില്ലെന്നും രാഹുല്‍ ബജാജ് പറഞ്ഞു. അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ ആദ്യമായിട്ടാണ് ഒരാള്‍ ഇത്രയും കാര്യങ്ങള്‍ തുറന്നുപറയുന്നത്.

ആരും ഭയക്കേണ്ടെന്ന് അമിത് ഷാ

ആരും ഭയക്കേണ്ടെന്ന് അമിത് ഷാ

രാഹുല്‍ ബജാജിന്റെ സംസാര ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. ആരും ഭയക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. സുതാര്യമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. എതിര്‍പ്പുകളെ ഭയക്കുന്നില്ലെന്നും അമിത് ഷ പറഞ്ഞു.

 ആരും യോജിക്കുന്നില്ല

ആരും യോജിക്കുന്നില്ല

പ്രഗ്യ സിങ് എംപിയുടെ പ്രസ്താവന എല്ലാ ബിജെപി നേതാക്കളും തള്ളിയതാണ്. സര്‍ക്കാരോ ബിജെപിയോ അതിനോട് യോജിക്കുന്നില്ല. ആള്‍ക്കൂട്ട കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. ഇപ്പോള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷം

കഴിഞ്ഞ ആറ് വര്‍ഷം

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവ് വന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ മുന്‍നിര വ്യവസായി തന്നെ സര്‍ക്കാരിനെതിരെ സംസാരിച്ചത് കേന്ദ്രത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണെന്നും കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്‍മോഹന്‍ സിങിന്റെ പ്രതികരണം

മന്‍മോഹന്‍ സിങിന്റെ പ്രതികരണം

ജിഡിപി കുറഞ്ഞതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തുവന്നിരുന്നു. ഭയത്തില്‍ നിന്നും ആത്മവിശ്വാസമുള്ള സമൂഹമായി രാജ്യം മാറേണ്ടതുണ്ടെന്നാണ് മന്‍മോഹന്‍ പറഞ്ഞത്. രാജ്യത്തെ നിലവിലെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മന്‍മോഹന്‍ പറഞ്ഞു.

English summary
People are afraid to criticise the Centre, Rahul Bajaj tells Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X