കാളവണ്ടിയും ട്രെയിനും കൂട്ടിയിടിച്ച് അഞ്ച് മരണം: അപകടം ബിഹാറിൽ, രണ്ടുപേരുടെ നില ഗുരുതരം!!
സമസ്തിപൂർ: ബീഹാറിൽ ട്രെയിൻ കാളവണ്ടിക്ക് മുകളിലേക്ക് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ബിഹാറിലെ സമസ്ത്രിപൂർ ജില്ലയിലാണ് സംഭവം. ഹസൻപൂരിലെ സമസ്തിപൂർ-കഗാരിയ ഡിവിഷനിൽ വൈകിട്ട് 3.30ഓടെയാണ് സംഭവമെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചിട്ടുള്ളത്. കാളവണ്ടി ഓടിച്ചിരുന്നയാളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. ഈസ്റ്റ് റെയിൽവേ സീനിയർ ഡിസിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സൂരജ് യാദവ് (35), രാം ബാബു (30), പ്രവീൺ ബാബു (30) കഞ്ചൻ കുമാർ (35) എന്നിവർക്ക് പുറമേ തിരിച്ചറിയാത്ത ഒരാളും മരിച്ചിട്ടുണ്ട്. 15 കാരിയായ പെൺകുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പെൺകുട്ടി പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗേറ്റ് മാൻ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി.












Click it and Unblock the Notifications