ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; 'ലോക് ഡൗണ്‍ ഗൗരവത്തോടെ കാണണം'
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതിനിടെ കടുത്ത മുന്‍കരുതല്‍ നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും സ്വീകരിച്ചു വരുന്നത്. എന്നാല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എല്ലാ പൗരന്മാരും ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
'നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് നിങ്ങളും കുടുംബവും സുരക്ഷിതമായി ഇരിക്കൂ. എല്ലാവരും നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയാണ്.' നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിതുവരേയും 400 ലേറെ പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ക്ക് കൂടി പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 89 ആയിരിക്കുകയാണ്.
ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചിടുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.
മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടര്‍ന്ന് അടച്ചിടും. ബസുകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന് പുറമേ സ്വകാര്യ വാഹനങ്ങളും ഈ കാലയളവില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
Recommended Video
മുംബൈ, പൂനെ നഗരങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമാണ്. മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണമായുള്ള നിരോധനാജ്ഞയല്ല. പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications