നിലത്തുവീണ കുട്ടികളെ ചവിട്ടി ആളുകള്‍ ഓടി; ഹരിദ്വാറില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മരണം ആറായി
ഡെറാഡൂണ്‍: ഹരിദ്വാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ മാന്‍സ ദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം ആറായി ഉയര്‍ന്നു. 34 പേര്‍ക്കോളം പരിക്കേറ്റു. അവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത് പറഞ്ഞു. പരിക്കേറ്റവരില്‍ എട്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെയാണ് ദാരുണമായ അപകടം ഉണ്ടായത്. കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിലേക്കു പോകുന്ന റോഡിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കും ഉണ്ടായത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടി തീര്‍ത്ഥാടകരുടെ മുകളിലേക്ക് വീണതായും അതില്‍നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റെന്നുമുള്ള അഭ്യൂഹമാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. പരിഭ്രാന്തരായ ഭക്തര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. എന്നാല്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണെന്നുള്ളത് അഭ്യൂഹം മാത്രമാണെന്ന് അധികൃതര്‍ പറയുന്നു.

ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ ക്ഷേത്ര കവാടം അടച്ചിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു. പെട്ടെന്നാണ് ജനക്കൂട്ടം തിക്കിത്തിരക്കി ഓടുന്നത് കണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശരീരത്തില്‍ ചവിട്ടിയാണ് പലരും മുന്നോട്ടു നീങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടതായും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു.
ഭക്തര്‍ പുണ്യ മാസമായി കരുതപ്പെടുന്ന സാവന്‍ മാസത്തിലാണ് ദുരന്തം ഉണ്ടായത്. അവധി ദിനം കൂടി ആയിരുന്നതിനാല്‍ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസ് സേനകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നാല്‍പതോളം ആളുകളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് ആറ് പേര്‍ മരിച്ചതായി സ്ഥിരീകരണം ഉണ്ടാകുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ ധനസഹായവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. അതേസമയം വൈദ്യുതി ലൈന്‍ പൊട്ടിയല്ല ദുരന്തം ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. മാന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള എല്ലാ ഇലക്ട്രിക് പാനലുകളിലും വൈദ്യുതി ലൈനുകളിലും പരിശോധന നടത്തി. ദുരന്തത്തിന് കാരണമായ വൈദ്യുതി പ്രവാഹം ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഉയരത്തിലാണ് മാന്‍സ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്നും കേബിള്‍ കാറുകളിലുമാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നില്ലെന്ന ആക്ഷേപം തീര്‍ത്ഥാടകര്‍ ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications