'ജനപ്രതിനിധി പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധ വേണം', രാഹുൽ ഗാന്ധിയോട് ഗുജറാത്ത് ഹൈക്കോടതി
ദില്ലി: ജനപ്രതിനിധിയായ രാഹുല്‍ ഗാന്ധി പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മ പാലിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഗുജറാത്ത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ഹേമന്ത് പ്രചകിന്റെ പരാമര്‍ശം.
മോദി പരാമര്‍ശത്തില്‍ ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണം എന്നാണ് ആവശ്യം. രാഹുലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി മെയ് രണ്ടിന് വാദം കേള്‍ക്കുന്നത് തുടരും.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ആണ് ഹാജരായത്. കോടതി വിധി സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടുന്നത് ആറ് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് സിംഗ്വി വാദിച്ചു. ഒന്ന്, രാഹുല്‍ ഗാന്ധിക്കെതിരായ കുറ്റം ഒരു ധാര്‍മിക പ്രശ്‌നമോ ഗുരുതര കുറ്റകൃത്യമോ അല്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളാന്‍ സൂറത്ത് സെഷന്‍സ് കോടതി അടിസ്ഥാനമാക്കിയ വിധികള്‍ കൊലപാതകം, ബലാത്സംഗം പോലുളള കേസുകളിലേതാണ് എന്നും സിംഗ്വി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരായ പരാതി പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ പ്രദേശ പരിധിയില്‍ വരുന്നത് അല്ലെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ കോലാറില്‍ ആണ് രാഹുല്‍ ഗാന്ധി കേസിന് ആസ്പദമായ പ്രസ്താവന നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഒരു വിഭാഗത്തേയും വ്രണപ്പെടുത്തിയിട്ടില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മൂന്ന് പേരുകാരായ നീരവ് മോദിയോ മെഹുല്‍ ചോസ്‌കിയോ വിജയ് മല്യയോ അല്ല പരാതിക്കാര്‍ എന്നും സിഗ്വി വാദിച്ചു.
കേസിന്റെ വിചാരണ ന്യായമായ രീതിയില്‍ അല്ല നടന്നത് എന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ആരോപിച്ചു. പത്ത് മിനുട്ട് പോലും തികച്ച് വാദം കേള്‍ക്കാതെയാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിച്ചത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ നേരത്തെ സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു എന്ന് പറയുന്നതിനെയും സിംഗ്വി എതിര്‍ത്തു. കോലാറിലെ പ്രസംഗം കഴിഞ്ഞ് 7 മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇതെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications