ഇമേജ് വര്‍ധിപ്പിച്ച് രാഹുല്‍ ഗാന്ധി; മടക്കത്തിനുള്ള ഉചിതമായ സമയം, കളം ഒരുക്കി കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തന്‍റെ തിരിച്ചുവരവിന്‍റെ ശക്തമായ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ട്ടി തലപ്പത്ത് നടക്കുന്നത്. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ റോളാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പോവാതെ ക്രിയാത്മകമായ പിന്തുണ നല്‍കുകയെന്ന നയമാണ് ഈ പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് പല അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും എന്നാല്‍ അതിനുള്ള സമയമല്ല ഇതെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ വിദേശ നിക്ഷേപം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ രാഹുലിന്‍റെ നിര്‍ണ്ണായക ഇടപെടലുകളും ഉണ്ടായി.

രാഹുലിന്‍റെ ഇടപെടല്‍
കോറണ വൈറസ് പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ട പ്രതിസന്ധി ഇന്ത്യന്‍ സ്ഥാപനങ്ങളെ വലിയ തോതില്‍ ബാധിച്ചു. ഈ സാഹചര്യം മുതലെടുത്ത് വിദേശ കമ്പനികള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതിലെ അപകടമായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിന് മുന്നില്‍ ചൂണ്ടിക്കാട്ടിയത്.

ഇടപെടല്‍
എച്ച്ഡിഎഫ്സിയുടെ 1.75 കോടി ഓഹരികള്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് വാങ്ങിയതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ ഇടപെടല്‍. രാജ്യം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഇന്ത്യൻ കോർപ്പറേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വിദേശ കമ്പനികളെ അനുവദിക്കരുതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയത്

രാഹുല്‍ ഗാന്ധി വഴി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയിലും രാഹുല്‍ ഗാന്ധി അംഗമാണ്. മുന്‍പ്രധാനമന്ത്രിയാണ് അധ്യക്ഷനെങ്കിലും രാഹുല്‍ ഗാന്ധി വഴിയാണ് സമിതിയുടെ തീരുമാനങ്ങള്‍ പുറത്തെത്തുന്നത്. രാജ്യം വലിയൊരു പ്രതിസന്ധി നേരിടുമ്പോള്‍ ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നതിന് മികച്ച ഉദാഹരണമായി പലരും രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നു.

ഉചിതമായ സമയം
ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സഖ്യകക്ഷിയായ ശിവസേന നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ദേശീയ അധ്യക്ഷപദവിയിലേക്ക് രാഹുലിന് തിരിച്ചുവരാനുള്ള ഉചിതമായ സമയമായാണ് നിലവിലെ സാഹചര്യത്തെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വിലയിരുത്തുന്നത്.

പരാജയം
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം എറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദം ഒഴിഞ്ഞത്. മുതിര്‍ന്ന നേതാക്കളില്‍ പലരും നിര്‍ബന്ധിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. ഇതോടെയായിരുന്നു സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

6 മാസം
6 മാസക്കലാലയളവിലേക്കാണ് സോണിയയുടെ നിയമനം എന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഈ മാസം 10 ഓടെ അധ്യക്ഷ സ്ഥാനത്തെ 6 മാസക്കാലാവധി സോണിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ക്ഷമനം ഉണ്ടായാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും.

പകരം വെക്കാന്‍
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന് പകരം വെക്കാന്‍ മറ്റൊരു നേതാവ് നിലവില്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ് സ്ഥിതി. അതിനാല്‍ സ്വാഭാവികമായും ചര്‍ച്ച അദ്ദേഹത്തിലേക്ക് ചുരുങ്ങുകയാണ്. സാരഥ്യം ഏറ്റെടുക്കുന്നതില്‍ രാഹുലിനും അനുകൂല മനോഭാവമാണ് ഉള്ളതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് വേണം
അതേസമയം, ചട്ടങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ വേണം രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ എന്ന അഭിപ്രായം ഉള്ളവര്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗത്വത്തിനും പ്രസിഡന്‍റ് പദവിക്കും ചട്ടങ്ങള്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. യുവനേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

വെല്ലുവിളിയാവില്ല
ഈ വിഷയം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെങ്കിലും തിരഞ്ഞെടുപ്പ് നടക്കട്ടേയെന്ന നിലപാടാണ് രാഹുലിനും സോണിയ ഗാന്ധിക്കും ഉള്ളത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ആരും പത്രിക സമര്‍പ്പിക്കാനുള്ള സാധ്യത പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നില്ല. ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങനെ ഉണ്ടായാല്‍ തന്നെ അത് രാഹുലിന് വെല്ലുവിളിയും ആവില്ല.

സച്ചിന്‍ പൈലറ്റും
രാഹുല്‍ തിരിച്ചെത്തുന്നതിനോടൊപ്പം തന്നെ പ്രവര്‍ത്തക സമിതിയിലടക്കം വലിയ മാറ്റം ഉണ്ടാവുമെന്നുറപ്പാണ്. മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിനോടൊപ്പം തന്നെ യുവാക്കാള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാവും രാഹുല്‍ ശ്രമിക്കുക. നിലവില്‍ വര്‍ക്കിങ് കമ്മറ്റിയിലെ ക്ഷണിതാവായ സച്ചിന്‍ പൈലറ്റിനെ സ്ഥിരം അംഗമാക്കിയേക്കും. സംഘടനാ ചുമതലയും ഇദ്ദേഹത്തിന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications