തമിഴ്നാട്ടിൽ പെരിയാർ പ്രതിമയുടെ തലയറുത്തു.. പിന്നിൽ ആർഎസ്എസ് എന്ന് രാഹുൽ ഗാന്ധി
ചെന്നൈ: ത്രിപുരയിലെ ബിജെപി വിജയത്തിന് ശേഷം ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും അടക്കം പ്രതിമകള്‍ ആക്രമിക്കപ്പെട്ടത്. ത്രിപുരയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയാണ് തകര്‍ക്കപ്പെടുക എന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെടുകയുണ്ടായി.
തമിഴ്‌നാട്ടില്‍ വീണ്ടും വിപ്ലവ നായകനായ പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പുതുക്കോട്ടയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമ തകര്‍ത്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിമകള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഇത്തരം ആക്രമണങ്ങളില്‍ കടുത്ത നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പെരിയാര്‍ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെടുന്നത് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് എന്നും രാഹുല്‍ പറഞ്ഞു. നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ബിജെപിക്കെതിരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്. ബിജെപിയുടെ ഓഫീസുകള്‍ അടക്കം ആക്രമിക്കപ്പെട്ടു. രജനീകാന്തും കമല്‍ഹാസനും സ്റ്റാലിനും അടക്കമുള്ളവര്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു. ഈ സംഭവത്തോടെ ചെന്നൈ നഗരത്തിലെ പെരിയാറിന്റെ പ്രതിമകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. അന്നത്തെ ആക്രമണ സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications