കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയില്‍ ഹർജി: ഹൈക്കോടതിയെ സമീപിക്കാന്‍ നിർദേശം
വിവാദ ചിത്രം 'ദി കേരള സ്റ്റോറി' യുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടക്കാല ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്.
വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ബെഞ്ചിന് മുമ്പാകെ പ്രത്യേക അപേക്ഷയായി അഡ്വ. നിസാം പാഷ വിഷയം കൊണ്ടുവന്നത്. എന്നാല്‍ ഒരു സിനിമയുടെ റിലീസ് ഇത്തരമൊരു അപേക്ഷയിലൂടെ തടയുന്നത് ഉചിതമായ പ്രതിവിധിയല്ലെന്ന് കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസ്താവനകളുടെ ഏറ്റവും മോശമായ ഉദാഹരണമാണ് സിനിമയെന്നും ഓഡിയോ-വിഷ്വൽ അജണ്ടയാണെന്നും അഡ്വ. നിസാം പാഷ വാദിച്ചെങ്കില്‍ ഹർജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.
ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ കബില്‍ സിബലും കോടതിയില്‍ ഹാജരായിരുന്നു. നാളെ വിശദമായ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നൽകാമെന്ന് വ്യക്തമാക്കിയ സിബല്‍ കോടതി ട്രെയിലർ കാണണമെന്നും ജസ്റ്റിസ് കെഎം ജോസഫിനോട് ആവശ്യപ്പെട്ടു. ടിവിയില്‍ ഇത് സംബന്ധിച്ച റിപ്പോർട്ട് കണ്ടെന്നായിരുന്നു ഇതിനോടുള്ള ജഡ്ജിയുടെ പ്രതികരണം.
സിനിമയുടെ ട്രെയിലറിലെ വാക്കുകൾ കോടതി വായിക്കണമെന്നും സിബില്‍ അഭ്യർഥിച്ചു. ട്രെയിലർ 16 മില്യൺ കാഴ്ചക്കാരെ നേടിയെന്നും ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റൊരു ഹരജിയിലെ പ്രത്യേക അപേക്ഷയായി വിഷയം പരിഗണിക്കുന്നതിലെ ബുദ്ധിമുട്ടായിരുന്നു കോടതി ഈ സമയം വ്യക്തമാക്കിയത്. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ഇടപെടാൻ മതിയായ ഹരജിയില്ലാതെ കഴിയില്ലെന്നും കോടതി പറഞ്ഞു.
സിനിമ അടുത്ത ദിവസം തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്. അതിന് മുമ്പ് മതിയായ സമയം സമയമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അടിയന്തര പരിഗണനക്കായി വിശദമായ ഹരജി നാളെത്തന്നെ ചീഫ് ജസ്റ്റിസിന് മുമ്പാകെ സമർപ്പിക്കുമെന്നും കപിൽ സിബല്‍ പറഞ്ഞു. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന അവകാശവാദവുമായിട്ടായിരുന്നു 'ദ കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്.
വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. അദാ ശർമയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അതേസമയം സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications