ഇന്ധനവിലയില്‍ വീണ്ടും ചാഞ്ചാട്ടം, പെട്രോളിന് രണ്ട് രൂപയും, ഡീസലിന് 50 പൈസയും കുറച്ചു
ദില്ലി: വാഹനയാത്രക്കാര്‍ക്ക് ആശ്വാസമേകി ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അന്‍പത് പൈസയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.
പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസം ഇതു മൂന്നാം തവണയാണ് ഇന്ധനവില കുറയ്ക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 14നാണ് ഇന്ധനവില കുറച്ചിരുന്നത്. അന്ന് പെട്രോളിന് ഒരു രൂപ 27 പൈസയും ഡീസലിന് ഒരു രൂപ 17 പൈസയും കുറച്ചിരുന്നു.

ഇന്ധനവിലയില്‍ ഇതിലും കൂടുതല്‍ കുറവ് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചപോലെ ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. ഓരോ മാസവും രണ്ട് തവണ എണ്ണക്കമ്പനികള്‍ വില പുനര്‍നിര്‍ണയിക്കാറുണ്ട്.
ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനീസ് യോഗമാണ് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃക്രമീകരിക്കുന്നത്.












Click it and Unblock the Notifications