പെട്രോള്‍, ഡീസല്‍ വില; ഒടുവില്‍ സര്‍ക്കാരിന്റെ പ്രതികരണം വന്നു, 2 നീക്കങ്ങള്‍ കമ്പനികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോക രാജ്യങ്ങളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. പാകിസ്താനും നേപ്പാളും ശ്രീലങ്കയുമെല്ലാം പെട്രോള്‍-ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചു. ഇന്ത്യ വൈകാതെ വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വരുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. വില കൂട്ടണം എന്ന നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തയില്‍ വസ്തുത ഇല്ലെന്നും മന്ത്രാലയം എക്‌സില്‍ കുറിച്ചു. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള റിപ്പോര്‍ട്ടാണിത് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണ് എന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്ന സാഹചര്യത്തില്‍ ഭാരം ജനങ്ങളിലെത്തിക്കാതെ മറ്റു വഴികള്‍ തേടുകയാണ് ചെയ്യുന്നത് എന്നും പെട്രോളിയം മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ രണ്ട് നടപടികളാണ് കേന്ദ്രം ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുകയാണ്. കഴിഞ്ഞ മാസം ബാരലിന് 120 ഡോളറിലേക്ക് അടുത്ത ശേഷം തിരിച്ചുകയറി. കഴിഞ്ഞാഴ്ച വരെ 90 ഡോളറിലായിരുന്നു. ഇപ്പോള്‍ വീണ്ടും കുതിച്ച് 103 ഡോളറിലാണുള്ളത്. ഹോര്‍മുസ് പാത വഴിയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ക്രൂഡ് ഓയില്‍ വന്നിരുന്നത്. അത് അടഞ്ഞിരിക്കുകയാണ്. ഇടയ്ക്ക് ഇറാന്റെ അനുമതിയോടെ ചില കപ്പലുകള്‍ വന്നുവെങ്കിലും ഇന്ത്യയ്ക്ക് മതിയായ അളവില്‍ ലഭിച്ചില്ല.
കേന്ദ്രം സ്വീകരിച്ച രണ്ട് നടപടികള്‍
ആവശ്യമുള്ള എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ വന്നിരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ഹോര്‍മുസ് പാത അടഞ്ഞതോടെ റഷ്യ, അമേരിക്ക, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കിയാണ് ഇന്ത്യ പരിഹാരം കാണുന്നത്. എന്നാല്‍ ഈ ഇറക്കുമതിക്ക് ചെലവ് കൂടുതലാണ്.
ചെലവ് കൂടിയ സാഹചര്യത്തില്‍ വൈകാതെ പെട്രോളിനും ഡീസലിനും വില കൂട്ടുമെന്നാണ് കോട്ടക് ഇന്‍സ്റ്റിറ്റൂട്ടഷണല്‍ ഇക്വറ്റീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 25 മുതല്‍ 28 വരെ രൂപ ലിറ്ററിന് കൂട്ടുമെന്നായിരുന്നു വാര്‍ത്തകള്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവില്‍ 270 ബില്യണ്‍ രൂപയുടെ വര്‍ധനവാണ് ഒരു മാസം വന്നിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്.
അടുത്തിടെ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് പത്ത് രൂപ കുറച്ചിരുന്നു. ഇത് എണ്ണ കമ്പനികള്‍ക്ക് വലിയ ആശ്വാസമായി. മാത്രമല്ല, അപ്രതീക്ഷിത കയറ്റുമതി ലാഭത്തിന് ഏര്‍പ്പെടുത്തുന്ന വിന്‍ഡ് ഫാള്‍ ടാക്‌സിലും കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. ഈ രണ്ട് നടപടികളും എണ്ണ കമ്പനികളുടെ നഷ്ടം കുറച്ചു. ഇതോടെയാണ് ഇപ്പോള്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതേനില ഏറെ നാള്‍ തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റി ചിന്തിച്ചേക്കും.












Click it and Unblock the Notifications