ഡീസലിന്റേയും പെട്രോളിന്റേയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 8 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും എന്നാണ് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും, ആഗോള എണ്ണവിലയിലെ ഇടിവ് കാരണം ചില്ലറ വില്‍പ്പന വില ഉയരാന്‍ സാധ്യതയില്ലെന്ന് വ്യവസായ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലകള്‍ അതേപടി തുടരുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എക്‌സിലായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.

1944 ലെ സെന്‍ട്രല്‍ എക്‌സൈസ് നിയമത്തിലെ സെക്ഷന്‍ 5 എ, 2002 ലെ ഫിനാന്‍സ് ആക്ടിലെ സെക്ഷന്‍ 147 എന്നിവയുടെ പരിധിയില്‍, പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് തീരുവ വര്‍ധിപ്പിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ പരസ്പര താരിഫുകള്‍ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയം മൂലം ആഗോള അസംസ്‌കൃത എണ്ണയുടെ വില യഥാര്‍ത്ഥത്തില്‍ കുറയുന്നതിനിടെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.
പണപ്പെരുപ്പ സമ്മര്‍ദ്ദം നേരിടുന്ന ഉപഭോക്താക്കളെ ഈ വര്‍ധനവ് കാര്യമായി ബാധിക്കുമെന്നാണ് സാധാരണക്കാരുടെ ആശങ്ക. അതേസമയം എണ്ണ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒ എം സി) ചെലവ് ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഈ വര്‍ധനവിന്റെ ആഘാതം ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടില്ല എന്ന് വ്യക്തമായിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടയില്‍, ഇന്ധന ചെലവ് വര്‍ധിക്കുന്നത് ഗാര്‍ഹിക ബജറ്റുകളെ കൂടുതല്‍ ഞെരുക്കുകയും ഗതാഗത, ചരക്ക് വിലകള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം. നേരത്തെ അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് 2024 ഡിസംബറില്‍, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കും ജെറ്റ് ഇന്ധനം (ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം), ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതിക്കും നേരത്തെയുണ്ടായിരുന്ന വിന്‍ഡ്ഫാള്‍ പ്രോഫിറ്റ് നികുതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. 2022 ജൂലൈ 1 മുതലാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്ഫാള്‍ പ്രോഫിറ്റ് നികുതി ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്.












Click it and Unblock the Notifications