പെട്രോള്‍ ഡീസല്‍ വില പ്രതിദിനം മാറും!! മാറ്റം രാജ്യത്തെ അഞ്ച് നഗരങ്ങളില്‍!!
ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രതിദിനം മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വാധീനത്തോടെ മെയ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരിക. പുതുച്ചേരി, ചണ്ഡീഗഡ്, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍ എന്നീ അഞ്ച് നഗരങ്ങളാണ് പരിഗണനയിലുള്ളത്.
അന്താരാഷ്ട്രതലത്തില്‍ എണ്ണവിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ എണ്ണവിലയിലും മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് സൂചന. നിലവില്‍ ആഗോള എണ്ണവിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസൃതമായി രാജ്യത്തെ എണ്ണ കമ്പനികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണവില പരിഷ്‌കരിക്കാറുണ്ട്.

രാജ്യത്തെ 90 ശതമാനത്തോളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കയ്യാളുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ്. പുതിയ നീക്കം നടപ്പിലാക്കാനൊരുങ്ങുന്ന അഞ്ച് നഗരങ്ങളിലു ഈ കമ്പനികള്‍ക്ക് തന്നെയാണ് ആധിപത്യം. പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും അഞ്ച് നഗരങ്ങളില്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചറിയാന്‍ കഴിയും. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നിവരും രാജ്യത്തെ ഔട്ട്‌ലൈറ്റുകള്‍ വഴി ഈ നീക്കം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications