പെട്രോള്‍-ഡീസല്‍ വില പത്ത് രൂപവരെ കുറഞ്ഞേക്കും: സുപ്രധാന തീരുമാനം ഉടന്‍, ന്യൂഇയർ ആഘോഷമാക്കാം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയർന്ന് നിന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ന്യൂഇയർ സമ്മാനമായി ഉടന്‍ തന്നെ രാജ്യത്ത് പെട്രോള്‍ ഡീസില്‍ വില വലിയ തോതില്‍ കുറയാന്‍ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ ലിറ്ററിന് 10 രൂപ വരെ കുറവുണ്ടായേക്കുമെന്നാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ചർച്ചകള്‍ കേന്ദ്ര മന്ത്രിസഭാ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം പെട്രോളിയം മന്ത്രാലയം തയ്യാറാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.

ഈ രണ്ട് ഇന്ധനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനായി റിഫൈനറികളിലേക്ക് പോകുന്ന ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ വാങ്ങൽ വിലയിലെ കുത്തനെയുള്ള ഇടിവാണ് വൻതോതിൽ കുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്. ഇസ്രായേല്‍-ഗാസ സംഘർഷ സമയത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. എന്നാല്‍ നിലവില്‍ 79 ഡോളറാണ് വില. ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിയാണ് ഇടക്ക് ക്രൂഡ് വില വീണ്ടും വർധിപ്പിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) അസംസ്‌കൃത എണ്ണയുടെ വില ബാരലിന് ശരാശരി 77.14 ഡോളറായിരുന്നു . ഇസ്രായില്‍ - ഹമാസ് സംഘർഷ സമയത്ത് സെപ്റ്റംബറിൽ 93.54 ഡോളറും ഒക്ടോബറിൽ 90.08 ഡോളറുമായി ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. എന്നാല്‍ 2022-23 ലെ ശരാശരി ക്രൂഡ് ഓയിൽ വില ബാരലിന് 93.15 ഡോളറായിരുന്നു.
2022 ഏപ്രിൽ 6 മുതൽ രണ്ട് ഇന്ധനങ്ങളുടെയും എക്‌സ് റിഫൈനറി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഈ സാമ്പത്തിക വർഷത്തെ കുറഞ്ഞ ക്രൂഡ് ഓയിൽ വില, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ മൂന്ന് ഗവൺമെന്റ് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വലിയ ലാഭം നൽകിയിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ചേർന്ന് 58198 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിലുണ്ടായ നഷ്ടം നികത്താനായി 2023-24 ലെ കേന്ദ്ര ബജറ്റില്‍ സർക്കാർ നടത്തുന്ന മൂന്ന് എണ്ണ വിപണന കമ്പനികൾക്ക് ഇക്വിറ്റി ഇൻഫ്യൂഷനായി 30,000 കോടി രൂപയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2022 മെയ് 22-ന് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതിന് ശേഷം ഇതുവരെ വിലയില്‍ ഇളവുകളുണ്ടായിട്ടില്ല.












Click it and Unblock the Notifications