പെട്രോളിനും ഡീസലിനും വില കൂടുമോ? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ...
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ രാജ്യത്തെ ഇന്ധന വില ഉയര്‍ന്നേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇന്ധന വിപണന കമ്പനികള്‍ പെട്രോളിന് 5 രൂപയും ഡീസലിന് 20 രൂപയും നഷ്ടം നേരിടുന്നുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതോടെയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും എന്ന ആശങ്ക ഉടലെടുത്തത്.
ഇപ്പോഴിതാ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതും അസ്ഥിരവുമായി തുടരുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബിസിനസ് ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ അനിശ്ചിതത്വം തുടരുമെന്നാണ് കരുതുന്നത്.

അതിനാല്‍ സര്‍ക്കാര്‍ ആഗോള എണ്ണ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനപ്പെട്ട കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസമില്ലാതെ തുടരുന്നത് നിര്‍ണായകമായതിനാല്‍ അവിടത്തെ സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഈ മേഖലയിലൂടെയുള്ള ഇന്ധനനീക്കം സുഗമമാക്കുന്നതിന് ഇന്ത്യ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന അസംസ്‌കൃത എണ്ണ വിലയുടെ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍, ആവശ്യമെങ്കില്‍ എണ്ണ വിപണന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. ഊര്‍ജ്ജ സുരക്ഷ സര്‍ക്കാരിന്റെ പ്രധാന പരിഗണനാ വിഷയമായി തുടരുന്നു.
അസംസ്‌കൃത എണ്ണയുടെ ഉറവിടങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും, ഏതെങ്കിലും ഒരു പ്രത്യേക ഉറവിടത്തെ മാത്രം ആശ്രയിക്കുന്നതിലൂടെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമുള്ള വഴികളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ അസംസ്‌കൃത എണ്ണ ലഭ്യമാക്കുന്നതിനായി ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കുന്നുണ്ട്. ഹോര്‍മുസ് പാതയിലെ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് തുടരുന്നതിനാല്‍ ആഗോള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതാണെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകില്ല എന്നതാണ് പ്രധാന വിവരം. ആഭ്യന്തര ഇന്ധന വിതരണം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനൊപ്പം ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എങ്കിലും വരും ആഴ്ചകളില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലും വിതരണ സാഹചര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചായിരിക്കും ഭാവിയിലെ ഇന്ധനവില തീരുമാനിക്കപ്പെടുക. അതേസമയം, ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 99 ഡോളറിന് അടുത്തായി വ്യാപാരം നടക്കുമ്പോഴും ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടായില്ല.


Click it and Unblock the Notifications
