പെട്രോളിനും ഡീസലിനും വില കൂട്ടി നയാര; പെട്രോളിന് കൂട്ടിയത് 5 രൂപ! മറ്റ് പമ്പുകളിലും വില കൂടാന്‍ പോകുന്നു?
പെട്രോളിനും ഡീസലിനും വില കൂട്ടി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെയും സംസ്‌കരിച്ച ഇന്ധന ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടാകുന്ന വര്‍ധനയും ചില്ലറ വിപണിയിലെ വിലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആഗോളതലത്തില്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധന ഇന്ധന വിതരണക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് പുതിയ വില വര്‍ധനവ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍, ഇന്ധന ഉല്‍പ്പന്ന വിപണികളെ ബാധിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം നയാര പലതവണ വിലയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. രാജ്യത്തുടനീളം 7,108 പെട്രോള്‍ പമ്പുകളാണ് നയാര നടത്തുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ആദ്യം ഇറാന്‍-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഊര്‍ജ്ജ വിതരണത്തില്‍ തടസമുണ്ടായപ്പോള്‍, അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ച ആദ്യത്തെ ഇന്ധന വിതരണ കമ്പനിയായിരുന്നു നയാര. മാര്‍ച്ച് 26-ന് പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കമ്പനി വര്‍ധിപ്പിച്ചിരുന്നു.
ഇതോടെ അന്ന് അവരുടെ ഔട്ട്ലെറ്റുകളില്‍ പെട്രോള്‍ വില ലിറ്ററിന് 100.71 രൂപയായും ഡീസല്‍ വില 91.31 രൂപയായും ഉയര്‍ന്നിരുന്നു. അതിന് ശേഷം പൊതുമേഖലാ ഇന്ധന വിതരണ കമ്പനികള്‍ മെയ് മാസത്തില്‍ ഇന്ധന വിലകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഘട്ടംഘട്ടമായുള്ള നടപടികളിലൂടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ഏകദേശം 7.50 രൂപയുടെ മൊത്തം വര്‍ധനവ് ഉണ്ടായി.
പിന്നീട് നയാര തങ്ങളുടെ മാര്‍ച്ച് മാസത്തെ വില വര്‍ധനവ് പിന്‍വലിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അയഞ്ഞതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ, ജൂലൈ 1-ന് കമ്പനി പെട്രോള്‍ വില ലിറ്ററിന് 5 രൂപയും ഡീസല്‍ വില 3 രൂപയും കുറച്ചു. രണ്ട് വര്‍ഷത്തിലേറെയായി ഒരു ഇന്ധന വിതരണ കമ്പനി നടത്തുന്ന ആദ്യത്തെ വിലക്കുറവാണിത്.
ഇതോടെ നയാരയുടെ വിലകള്‍ പൊതുമേഖലാ കമ്പനികളുടെ വിലനിലവാരവുമായി ഏകദേശം ഒപ്പമെത്തിയിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് രാജ്യത്തെ 1,04,137 പെട്രോള്‍ പമ്പുകളില്‍ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോഴും ഇവര്‍ പമ്പ് വിലകള്‍ താരതമ്യേന സ്ഥിരമായി നിലനിര്‍ത്താറുണ്ട്.
ഈ വില വ്യത്യാസം ഇന്ധന വിതരണക്കാര്‍ക്ക് വില്‍പന പ്രതിസന്ധി ഉടലെടുത്തിരുന്നു. ചില്ലറ വില്‍പ്പനയിലെ നഷ്ടം കാരണം നയാരയും ജിയോ-ബിപിയും ചില പമ്പുകളില്‍ വില്‍പ്പനയുടെ അളവ് നിയന്ത്രിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്, സ്വകാര്യ വിതരണക്കാര്‍ പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ചില്ലറ വില്‍പ്പന വിലയും മൊത്തവ്യാപാര ഡീസല്‍ വിലയും തമ്മിലുള്ള അന്തരം വ്യാവസായിക ഉപഭോക്താക്കളെ വില കുറഞ്ഞ ഇന്ധനം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങാന്‍ പ്രേരിപ്പിച്ചെന്നും, ഇത് വിതരണ സംവിധാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും യുകെയിലെ ബിപിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ജിയോ-ബിപി 2,304 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. ക്രൂഡ് ഓയിലിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍, സെപ്റ്റംബറില്‍ എണ്ണ വിപണന കമ്പനികള്‍ക്ക് പെട്രോളിന് ലിറ്ററിന് ഏകദേശം 8 രൂപയും ഡീസലിന് 9 രൂപയും വീതം വിപണന നഷ്ടം നേരിടേണ്ടി വന്നതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വിലയിരുത്തിയിരുന്നു.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റമില്ലാത്തതും ലാഭക്ഷമതയെയും പണമൊഴുക്കിനെയും ബാധിക്കുന്നതിനാല്‍, പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയിലൂടെ എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 530 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുന്നുണ്ടെന്നാണ് കണക്കാക്കകിയിരിക്കകുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 85-90 ഡോളര്‍ എന്ന നിലയിലായിരിക്കുമ്പോള്‍ മാത്രമേ ഈ കമ്പനികളുടെ സംയോജിത റിഫൈനിംഗ്, വിപണന പ്രവര്‍ത്തനങ്ങള്‍ ലാഭനഷ്ടമില്ലാത്ത അവസ്ഥയില്‍ എത്തുകയുള്ളൂ.


Click it and Unblock the Notifications
