എണ്ണ വിതരണം കൂട്ടാന്‍ ഒപെക് പ്ലസ്.. ഇന്ത്യയ്ക്ക് ആശ്വാസം; എന്നാലും പെട്രോള്‍ വില കുറയില്ല, കാരണം!
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചു. വരുന്ന ആഗസ്റ്റ് മുതല്‍ പ്രതിദിനം 1.88 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ അധികമായി വിപണിയിലെത്തിക്കാനാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സഖ്യം സമ്മതിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷമുള്ള പ്രതിസന്ധികളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കി വന്ന ഉത്പാദന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളും ഇറക്കുമതിക്കാരുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.

പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ സംഘര്‍ഷം മൂലം മുന്‍പ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായതോടെ ആഗോള തലത്തില്‍ വില വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വിപണിയില്‍ എണ്ണയുടെ ലഭ്യത കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയതോതില്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോള എണ്ണ വിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ പ്രധാന മാറ്റങ്ങളാണ് ഒപെക് പ്ലസ് രാജ്യങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അതില്‍ ഏറ്റവും പ്രധാനം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കുറഞ്ഞതാണ്. ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് പോയിരുന്നു.
എന്നാല്‍ പിന്നീട് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകളും മറ്റും വഴി മേഖലയിലെ സമാധാന അന്തരീക്ഷം മെച്ചപ്പെടുകയും സുപ്രധാന കപ്പല്‍പ്പാതകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. മറ്റൊരു പ്രധാന കാരണം വിപണിയിലെ ആവശ്യകതയില്‍ അനുഭവപ്പെടുന്ന മന്ദഗതിയാണ്. ചൈന പോലെയുള്ള വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ സാമ്പത്തിക വീണ്ടെടുപ്പ് പ്രതീക്ഷിച്ചത്ര വേഗത്തിലാകാത്തത് എണ്ണയോടുള്ള ആഗോള താല്പര്യം കുറച്ചു.
ആവശ്യക്കാര്‍ കുറയുകയും എന്നാല്‍ ഉത്പാദനം തുടരുകയും ചെയ്യുന്നത് സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില താഴേക്ക് കൊണ്ടുവരും. വിപണിയില്‍ വില ക്രമാതീതമായി ഇടിയാതിരിക്കാന്‍ മുന്‍പ് ഉത്പാദനം കുറച്ചിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ദീര്‍ഘകാലമായി തുടരുന്ന ഉത്പാദന നിയന്ത്രണം കാരണം അമേരിക്ക, ബ്രസീല്‍, ഗയാന തുടങ്ങിയ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു.
ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഷെയ്ല്‍ ഓയില്‍ അടക്കമുള്ളവയുടെ തള്ളിക്കയറ്റം വിപണിയില്‍ കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ട്. തങ്ങളുടെ പരമ്പരാഗത ഉപഭോക്താക്കളെ തിരികെ പിടിക്കുന്നതിനും ആഗോള വിപണിയില്‍ സ്വാധീനം നിലനിര്‍ത്തുന്നതിനുമായാണ് ഒപെക് പ്ലസ് എണ്ണ വിതരണം കൂട്ടാന്‍ തീരുമാനിച്ചതെന്ന് ആഗോള കമ്മോഡിറ്റി നിരീക്ഷകര്‍ വ്യക്തമാക്കി.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തോളവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ വലിയ ലാഭമുണ്ടാക്കും. ഓരോ ഡോളര്‍ വിലകുറയുമ്പോഴും രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണയമാണ് ലാഭിക്കാന്‍ സാധിക്കുക.
സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന പണപ്പെരുപ്പം കുറയ്ക്കാനും വിലക്കുറവ് സഹായകരമാകും. വിമാന സര്‍വീസുകള്‍, ചരക്ക് ഗതാഗതം, കാര്‍ഷിക മേഖല, ഉത്പാദന രംഗം എന്നിവയെല്ലാം നേരിട്ടോ അല്ലാതെയോ ഇന്ധനവിലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ക്രൂഡ് ഓയില്‍ വില താഴുന്നത് ട്രാന്‍സ്‌പോര്‍ട്ട് ചെലവ് കുറയ്ക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇത് രാജ്യത്തെ പലിശ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. വ്യവസായ മേഖലകള്‍ക്കും ഈ തീരുമാനം വലിയ ഊര്‍ജ്ജം പകരും. പെയിന്റ്, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, വ്യോമയാനം, സിമന്റ്, വളം നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ അസംസ്‌കൃത വസ്തുവായി എണ്ണയോ എണ്ണ ഉല്‍പ്പന്നങ്ങളോ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഉത്പാദനച്ചെലപ്പ് ഗണ്യമായി കുറയുന്നത് ഈ മേഖലകളിലെ കമ്പനികളുടെ ലാഭക്ഷമത വര്‍ധിപ്പിക്കും.
സര്‍ക്കാരിന് സബ്സിഡി ഇനങ്ങളില്‍, പ്രത്യേകിച്ച് പാചകവാതകം, വളം എന്നിവയ്ക്ക് നല്‍കേണ്ടി വരുന്ന തുക കുറയുന്നതിനാല്‍ പൊതു ധനകാര്യ മേഖലയിലും സമ്മര്‍ദ്ദം കുറയും. ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത് ഇന്ധന വിലയില്‍ കുറവുണ്ടാകുമോ എന്നാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ കുറവ് അത്ര വേഗത്തില്‍ ഇന്ത്യയിലെ ഇന്ധന പമ്പുകളില്‍ പ്രതിഫലിക്കണമെന്നില്ല.
കാരണം ഇന്ത്യയില്‍ ചില്ലറ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത് ക്രൂഡ് ഓയില്‍ വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാനങ്ങളുടെ വാറ്റ്, ഡീലര്‍മാരുടെ കമ്മീഷന്‍, എണ്ണ ശുദ്ധീകരണ കമ്പനികളുടെ ലാഭം എന്നിവ ഇതില്‍ നിര്‍ണായക ഘടകങ്ങളാണ്. മുന്‍പ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ തങ്ങളുടെ നഷ്ടം സഹിച്ചാണ് വില, പരിധി വിട്ടുയരാതെ നോക്കിയത്.
ആ സമയത്തുണ്ടായ വന്‍ നഷ്ടം തിരിച്ചുപിടിക്കാന്‍ കുറഞ്ഞ ക്രൂഡ് ഓയില്‍ വില നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി തുടരേണ്ടതുണ്ട്. കമ്പനികളുടെ മുന്‍കാല നഷ്ടങ്ങള്‍ നികത്താതെ പെട്ടെന്ന് ഒരു വിലക്കുറവിന് അവര്‍ മുതിരാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയത് ആഗോള വിപണിയിലെ വിലയിടിവ് ഉടന്‍ തന്നെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ കാണാന്‍ കഴിയില്ലെന്നാണ്. ഇതിനു മുന്‍പ് ഇറക്കുമതി ചെയ്ത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില നിശ്ചയിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ ഇടിവ് വരും മാസങ്ങളിലും സ്ഥിരമായി നിലനില്‍ക്കുകയാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇത് പുനഃപരിശോധിക്കുകയുള്ളൂ.















Click it and Unblock the Notifications