പെട്രോളിനും ഡീസലിനും വില കുറവ് ഇന്ത്യയില്‍..! യുഎഇയില്‍ പെട്രോളടിക്കാന്‍ ചെലവേറും!!
ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ പലരാജ്യങ്ങളിലും ഇന്ധനവില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി, താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്ന ഒരിടമായാണ് യുഎഇ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. ഈ മാസം യുഎഇയില്‍ റെക്കോഡ് നിരക്കിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്.
നിലവിലെ സ്ഥിതിയില്‍ യുഎഇയെ അപേക്ഷിച്ച്, ഇന്ത്യയിലെ പല നഗരങ്ങളിലും പെട്രോളിനും ഡീസലിനും വില കുറവാണ്. എന്നിരുന്നാലും, നഗരങ്ങള്‍ക്കും പെട്രോള്‍ ഗ്രേഡുകള്‍ക്കും അനുസരിച്ച് ഈ വിലയില്‍ വ്യത്യാസമുണ്ട്. ഒക്ടോബര്‍ 22-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 14 നഗരങ്ങളില്‍ പെട്രോള്‍ വില ചണ്ഡീഗഡില്‍ ലിറ്ററിന് 101.54 രൂപ മുതല്‍ ഹൈദരാബാദില്‍ 116.15 രൂപ വരെയായിരുന്നു.

ഡീസല്‍ വിലയാകട്ടെ, ചണ്ഡീഗഡില്‍ ലിറ്ററിന് 89.47 രൂപ മുതല്‍ തിരുവനന്തപുരത്ത് 104.40 രൂപ വരെയായിരുന്നു. ഒക്ടോബറില്‍ യുഎഇയിലെ ഇന്ധനവില ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 4.21 ദിര്‍ഹം, സ്‌പെഷ്യല്‍ 95 ന് 4.28 ദിര്‍ഹം, സൂപ്പര്‍ 98 ന് 4.40 ദിര്‍ഹം, ഡീസലിന് 4.80 ദിര്‍ഹം എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. ഒക്ടോബര്‍ 22-ലെ വിനിമയ നിരക്ക് പ്രകാരം ഒരു ദിര്‍ഹത്തിന് ഏകദേശം 25.69 രൂപയാണ്.
ഇത് പ്രകാരം യുഎഇയിലെ ഇന്ധന വിലകള്‍ ലിറ്ററിന് യഥാക്രമം 108.17 രൂപ, 109.95 രൂപ, 113.03 രൂപ, 123.31 രൂപ എന്നിങ്ങനെയാണ്. ഇതനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള നഗരങ്ങളിലൊഴികെ മറ്റെല്ലായിടത്തെയും അപേക്ഷിച്ച് യുഎഇയിലെ ഡീസല്‍ വില കൂടുതലാണ്. അതേസമയം, പെട്രോളിന്റെ കാര്യമെടുത്താല്‍, ഇന്ത്യയിലെ ചില നഗരങ്ങളില്‍ യുഎഇയിലെ സ്‌പെഷ്യല്‍ 95 പെട്രോളിനേക്കാള്‍ വില കുറവാണ്.
എന്നാല്‍ ഇത് പെട്രോളിന്റെ ഗ്രേഡിനെയും നഗരത്തെയും ആശ്രയിച്ചിരിക്കും. ഡല്‍ഹി, നോയിഡ, ലഖ്നൗ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ വാഹന ഉടമകള്‍ക്ക്, യുഎഇയിലെ സ്‌പെഷ്യല്‍ 95 ഗ്രേഡ് പെട്രോളിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പെട്രോള്‍ ലഭിക്കുന്നത്. എന്നാല്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ സ്‌പെഷ്യല്‍ 95-നേക്കാള്‍ ഉയര്‍ന്ന വിലയാണ് പെട്രോളിനുള്ളത്.
ഡീസലിന്റെ കാര്യത്തില്‍ വ്യത്യാസം കൂടുതല്‍ വ്യക്തമാണ്. യുഎഇയില്‍ ഒക്ടോബര്‍ മാസത്തില്‍ ഡീസല്‍ വില ലിറ്ററിന് ഏകദേശം 123.31 രൂപയാണ്. മുകളില്‍ സൂചിപ്പിച്ച എല്ലാ ഇന്ത്യന്‍ നഗരങ്ങളിലെയും നിരക്കുകളേക്കാള്‍ ഉയര്‍ന്നതാണിത്. അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, യുഎഇ ഓരോ മാസവും ഇന്ധന വില പുനഃപരിശോധിക്കുന്നു.
ഒക്ടോബര്‍ മാസത്തില്‍, യുഎഇയിലെ മൂന്ന് പെട്രോള്‍ ഗ്രേഡുകളിലും ഏകദേശം 16 ശതമാനത്തോളം വില വര്‍ധനയുണ്ടായി. സൂപ്പര്‍ 98 പെട്രോള്‍ വില സെപ്റ്റംബറിലെ ലിറ്ററിന് 3.80 ദിര്‍ഹത്തില്‍ നിന്ന് ഒക്ടോബറില്‍ 4.40 ദിര്‍ഹമായി ഉയര്‍ന്നു. സ്‌പെഷ്യല്‍ 95 വില 3.69 ദിര്‍ഹത്തില്‍ നിന്ന് 4.28 ദിര്‍ഹമായും ഇ-പ്ലസ് 91 വില 3.61 ദിര്‍ഹത്തില്‍ നിന്ന് 4.21 ദിര്‍ഹമായും വര്‍ധിച്ചു.
ഡീസല്‍ വില ലിറ്ററിന് 4.30 ദിര്‍ഹത്തില്‍ നിന്ന് 4.80 ദിര്‍ഹമായി ഉയര്‍ന്നു. വിതരണ തടസങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഷിപ്പിംഗ് ചെലവുകളിലെ വര്‍ധന എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ആഗോള എണ്ണ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഒക്ടോബറില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത്. യുഎഇയില്‍ ഇന്ധനവില വീണ്ടും വര്‍ധിക്കുമോ എന്ന ആശങ്ക വര്‍ധിപ്പിച്ചു.
അടുത്ത പരിഷ്‌കരണം ഒക്ടോബര്‍ അവസാനത്തോടെ നടക്കും. ഒക്ടോബര്‍ 22 വരെയുള്ള കണക്കനുസരിച്ച്, നവംബറിലെ നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണി സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍.


Click it and Unblock the Notifications
