ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്ത് പിണറായി വിജയൻ, കെഎൻ ബാലഗോപാലും ജോൺ ബ്രിട്ടാസും ഒപ്പം
ന്യൂ ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് ചെയ്ത് പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. ജോണ്‍ ബ്രിട്ടാസ്, കെഎന്‍ ബാലഗോപാല്‍ എന്നീ നേതാക്കള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ ജന്തര്‍ മന്തറിലേക്ക് മുദ്രാവാക്യം വിളികളോടെ മാര്‍ച്ച് ചെയ്തത്.
ജന്തര്‍ മന്തറിന് 50 മീറ്റര്‍ അകലെ വെച്ച് ബാരിക്കേഡുകള്‍ വെച്ചും നേതാക്കളെ വളഞ്ഞും പോലീസ് പിണറായി അടക്കമുളളവര്‍ മുന്നോട്ട് പോകുന്നത് തടഞ്ഞു. എംഎ ബേബി, കെകെ ശൈലജ, എംവി ഗോവിന്ദന്‍, പികെ ശ്രീമതി അടക്കമുളള സിപിഎം നേതാക്കളെ നേരത്തെ കേരള ഭവന് മുന്നില്‍ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജന്തര്‍ മന്തറിലേക്ക് പോകാനുളള ശ്രമത്തിനിടെയായിരുന്നു പോലീസ് നടപടി.
എംഎ ബേബി അടക്കമുളളവരെ പോലീസ് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. കേരള ഭവന് മുന്നില്‍ വെച്ച് തന്നെ പിണറായി വിജയനേയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ബ്രിട്ടാസിനും ബാലഗോപാലിനുമൊപ്പം ജന്തര്‍ മന്തറിന് സമീപത്തേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇവിടെ വെച്ച് പിണറായിയേയും ജോണ്‍ ബ്രിട്ടാസിനേയും ബാലഗോപാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

സര്‍ക്കാര്‍ നേരത്തെ തന്നെ ഭയന്നിരിക്കുന്നുവെന്നും അതിന്റെ ഫലമാണ് ഈ കാണുന്നത് എന്നും പിണറായി വിജയന്‍ പ്രതികരിച്ചു. ''സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ആ ജനങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് ഗ്യാനേഷ് കുമാര്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിന് വേണ്ടി നിന്നത് കൊണ്ടാണ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൂര്‍ണമായും ജനാധിവിരുദ്ധമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടൊന്നും ഈ പ്രക്ഷോഭത്തെ തകര്‍ക്കാനും തളര്‍ത്താനും ആകില്ല. കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭം ഉയര്‍ന്ന് വരും. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് രാജ്യം നീങ്ങും. എസ്‌ഐആര്‍ എവിടെയൊക്കെ പ്രയോഗിച്ചോ അവിടെയൊക്കെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രദേശവും അതില്‍ നിന്ന് ഒഴിവല്ല. എല്ലാവരുടേയും വോട്ടവകാശം ഇല്ലാതാക്കുക എന്നതിനാണ് പ്രാധാന്യം കൊടുത്തത്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ അവരുടെ അജണ്ടയ്ക്ക് അനുസരിച്ച് നീങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത'', പിണറായി വിജയന്‍ പറഞ്ഞു.
രാവിലെ പത്ത് മണിക്കാണ് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനായിട്ടില്ല. രണ്ടാള്‍പ്പൊക്കത്തില്‍ ബാരിക്കേഡുകള്‍ നിരത്തിയും ആയിരക്കണക്കിന് പോലീസുകാരേയും അര്‍ധ സേനാ വിഭാഗത്തേയും വിന്യസിച്ചുമാണ് ജന്തര്‍ മന്തര്‍ പരിസരം പോലീസ് അടച്ച് കെട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരള ഭവനിലുണ്ടായിരുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ജന്തർ മന്തറിലേക്ക് നീങ്ങിയത്.


Click it and Unblock the Notifications
