ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട് ' എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ പരാമർശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'അദ്ദേഹം ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണഗതിയിൽ കാണിക്കേണ്ട ചില രീതികൾ ഉണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളത് എന്ന് അദ്ദേഹം തന്നെ സ്വയമേ ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായിട്ട് ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനെ രേവന്ത ,മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ', മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേ രേവന്ത് റെഡ്ഡി, ഖ്യമന്ത്രി പിണറായി വിജയനെ 'നീ പോ മോനേ വിജയാ' എന്ന് വിളിച്ചിരുന്നു. കേരളത്തിൽ യു ഡി എഫ് പ്രകടനപത്രിക പ്രകാശനത്തിന് വന്നപ്പോൾ തെലങ്കാനയിലെ വികസനങ്ങൾ കാണാൻ മുഖ്യമന്ത്രിക്ക് നേരിട്ട് വരാമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഗ്യാരണ്ടികൾ എന്താണെന്ന് ബോധ്യപ്പെടണമെങ്കിൽ തെലങ്കാനയിലേക്ക് വരൂ ,വിമാന ടിക്കറ്റ് അയച്ച് തരാമെന്നായിരുന്നു വെല്ലുവിളി. ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തും രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു . ഇതിന് അവാസവും 'നീ പോ മോനേ വിജയാ' എന്ന് അദ്ദേഹം ആവർത്തിച്ചു.
തൊട്ട് പിന്നാലെ രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്കു മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്തിയുടെ പരിഹാസം. ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്നും പിണറായി വിജയൻ തുറന്നടിച്ചിരുന്നു.
സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളേയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications