യുഎഇ യാത്രയിൽ ഇത്ര സ്വർണവും പണവും കൈയ്യിൽ കരുതുന്നുണ്ടോ? ഇക്കാര്യം അറിയണം
യാത്രയിൽ ആവശ്യത്തിന് പണം നമ്മൾ കരുതാറുണ്ട്. എന്നാൽ ആവശ്യത്തിലും അധികം കരുതിയാൽ എന്ത് സംഭവിക്കും? ചില രാജ്യങ്ങളിൽ നമ്മുക്ക് കൈയ്യിൽ കരുതാവുന്ന പണത്തിനും സ്വർണത്തിനുമെല്ലാം നിയന്ത്രണം ഉണ്ടാകും. യുഎഇയിലും അത്തരത്തിൽ കർശന നിയമങ്ങളുണ്ട്. ഒരുപരിധിയിൽ കൂടുതൽ പണവും സ്വർണവുമൊക്കെ കൈയ്യിൽ കരുതിയിൽ പിടിവീഴും. അങ്ങനെയെങ്കിൽ എത്രയായിരിക്കും യുഎഇയിലേക്കുള്ള യാത്രയിൽ നമ്മുക്ക് കൈയ്യിൽ കരുതാനാകുക. കൂടുതൽ തുക കരുതിയാൽ തന്നെ അത് നിയപരമായി കൊണ്ടുപോകാൻ സാധിക്കുമോ? വിശദമായി നോക്കാം
യുഎഇയിലേക്ക് പോകുമ്പോഴോ വരുമ്പോഴോ 60,000 (14 ലക്ഷം) ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്ന പണവും സ്വർണവും ആഭരണങ്ങളുമൊക്കെ കൈയ്യിൽ കരുതിയാൽ അത് തീർച്ചയായും യുഎഇയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'അഫ്സേ' (Afseh) യിൽ രേഖപ്പെടുത്തണം. declare.customs.ae എന്നതാണ് വെബ്സൈറ്റ്. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി നിർദ്ദേശമനുസരിച്ച്, പണം, ചെക്കുകൾ, വ്യക്തിഗത വസ്തുക്കൾ, ഉയർന്ന മൂല്യമുള്ള ആഭരണങ്ങൾ എന്നിവയുടെയെല്ലാം മൊത്തം മൂല്യം 60,000 ദിർഹം കവിയുകയാണെങ്കിൽ അത് ഡിക്ലയർ ചെയ്യണമെന്നത് നിർബന്ധമാണ്. പ്രായപരിധിയിൽ കുറഞ്ഞവർക്കും കൂടുതൽ തുക കൊണ്ടുപോകാം. എന്നാൽ അവരുടെ രക്ഷിതാക്കൾ ഇക്കാര്യം ഡിക്ലയർ ചെയ്യണം.

നിലവിൽ അബുദാബി, ഷാർജ, റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് അഫ്സേ സേവനം ലഭ്യമാകുക. കസ്റ്റംസ് പരിശോധനയിൽ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ കസ്റ്റംസ് ചെക്ക്പോസ്റ്റുകളിൽ എത്തുന്നതിന് മുൻപ് തന്നെ വിവരങ്ങൾ സമർപ്പിക്കണം.
യുഎഇ പാസ് ഉപയോഗിച്ചാണ് അഫ്സേയിൽ അക്കൗണ്ട് ഉണ്ടാക്കേണ്ടത്. എമിറേറ്റ്സ് ഐഡി നമ്പർ, വിസ വിവരങ്ങൾ, പേര്, ദേശീയത എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകണം. യാത്രക്കാർ യുഎഇയിലാണോ വിദേശത്താണോ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച് അധിക വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകേണ്ടതുണ്ട്. യുഎഇ നിവാസികൾ എമിറേറ്റ്, സിറ്റി, ഏരിയ, സ്ട്രീറ്റ് നെയിം, കെട്ടിട നമ്പർ എന്നിവ നൽകണം, അതേസമയം അല്ലാത്തവർ രാജ്യം, സിറ്റി മറ്റ് പ്രാദേശിക വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്.
അക്കൗണ്ട് ഓപ്പൺ ചെയ്താൽ പേഴ്സണൽ ഡാഷ്‌ബോർഡിൽ നിന്ന് അപ്ലൈ ഫോൺ ന്യൂ ഡിക്ലറേഷൻ റിക്വസ്റ്റ് എന്ന് ക്ലിക്ക് ചെയ്ത് യാത്രാ വിവരങ്ങൾ നൽകണം. യാത്ര പുറപ്പെടുകയാണോ എത്തുകയാണോ, യാത്രാ തീയതി,ഏത് മാർഗമാണ് യാത്ര, പുറപ്പെടുന്ന സ്ഥലമോ ലക്ഷ്യസ്ഥാനമോ, എയർലൈൻ പേര്, ടിക്കറ്റ് നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാധനങ്ങളുടെ തരവും മൂല്യവും ആണ് അടുത്ത ഘട്ടത്തിൽ സമർപ്പിക്കേണ്ടത്. പണം, വ്യക്തിഗത സാധനങ്ങൾ, ആഭരണങ്ങൾ, രത്നങ്ങൾ എന്നിവയിൽ ഏതാണോ ഉള്ളത് അത് കൃത്യമായി പ്രതിപാദിക്കണം. വിവരങ്ങൾ സേവ് ചെയ്ത ശേഷം പരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷക്ക് അംഗീകാരം ലഭിച്ചാൽ യാത്രക്കാർക്ക് എസ്എംഎസ് വഴിയും ആപ്പിലെ നോട്ടിഫിക്കേഷൻ വഴിയും വിവരം ലഭിക്കും. അപേക്ഷയുടെ നില ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. ഈ സേവനം സൗജന്യമാണ്. അതേസമയം നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്തുമെന്നും പണവും സാധനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, അതിർത്തി കടന്നുള്ള ഉയർന്ന മൂല്യമുള്ള സാധനങ്ങളുടെ കള്ളക്കടത്ത് എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ സംവിധാനം അവതരിപ്പിച്ചത്. കൂടാതെ, യാത്രക്കാർക്ക് അവരുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ വ്യക്തവും സൗകര്യപ്രദവുമായ ഒരു മാർഗം കൂടിയായിരിക്കും ഇത്.












Click it and Unblock the Notifications