ആഭരണത്തില്‍ കൈവച്ച് കേന്ദ്രം; ഇറക്കുമതിയില്‍ നിയന്ത്രണം, കാരണം ഇതാണ്, വില കുതിക്കുമോ?
ന്യൂഡല്‍ഹി: ആഭരണങ്ങളുടെ ഇറക്കുമതിയില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു. ഇനി നിയന്ത്രണത്തോടെയായിരിക്കും ഇറക്കുമതി. കൃത്യമായ അളവുകല്‍ ഇല്ലാതെ രാജ്യത്തേക്ക് ആഭരണങ്ങള്‍ കൊണ്ടുവരാന്‍ ഇനി സാധിക്കില്ല. അടുത്ത ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ആണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. നേരത്തെ വെള്ളിയുടെ കാര്യത്തിലായിരുന്നു ഈ നിയന്ത്രണം. ഇനി മുതല്‍ പ്ലാറ്റിനം ആഭരണങ്ങളും ഈ പരിധിയില്‍പ്പെടും. ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...

വ്യാപാര ചട്ടങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 2026 ഏപ്രില്‍ 30 വരെയാണ് പുതിയ നിയന്ത്രണം. വെള്ളി ആഭരണങ്ങള്‍ക്ക് കഴിഞ്ഞ സെപ്തംബറില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ സ്വതന്ത്ര്യ വ്യാപാരം എന്ന ഗണത്തിലായിരുന്നു ഇവ. ഇപ്പോള്‍ നിയന്ത്രിത വ്യാപാരം എന്ന ഗണത്തിലേക്ക് മാറ്റി.
ഇനി വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്കും മറ്റും സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. പുതിയ ലൈസന്‍സ് ലഭിക്കുന്നവര്‍ക്കായിരിക്കും ഇനി ഇറക്കുമതിക്ക് സാധിക്കുക. വെള്ളി ആഭരണങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് ഇതിനേക്കാള്‍ ഒരു മാസം കൂടി അധികം കാലം നിയന്ത്രണമുണ്ട്.
നിയന്ത്രണം കൊണ്ടുവരാന്‍ കാരണം ഇതാണ്
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്. കരാറിലെത്തിയ രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ ഇറക്കുമ്പോള്‍ നികുതി പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കും. ഇത് ദുരുപയോഗം ചെയ്യുന്ന വേളയിലാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരിക. തായ്‌ലാന്റില്‍ നിന്ന് വലിയ തോതില്‍ വെള്ളിയും പ്ലാറ്റിനവും കൊണ്ടുവരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.
മറ്റു ലോഹങ്ങളുടെ കൂട്ടില്ലാത്ത ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കല്ലുകള്‍ പതിക്കാത്ത ആഭരണങ്ങള്‍ ഉദാഹരണമായി മനസിലാക്കാം. മറ്റു ലോഹങ്ങളുടെ കൂട്ടില്ലാത്ത ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇനി മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അല്ലാത്തവ പിടിക്കപ്പെടും. ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ നേരിയ തോതില്‍ വില ഉയര്‍ന്നേക്കും.
അവശ്യ വസ്തുക്കള്‍ അല്ലാത്ത ചരക്കുകളിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വന്‍തോതില്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തെ വിദേശ കരുതല്‍ ധനം വലിയ തോതില്‍ ചോരുന്നുണ്ട്. വ്യാപാര കമ്മി വര്‍ധിപ്പിക്കുന്ന നടപടിയുമാണിത്. തല്‍ക്കാലിക നടപടിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications