കര്‍ശന സുരക്ഷയില്‍ മോദി പത്താന്‍കോട് വ്യോമകേന്ദ്രം സന്ദര്‍ശിച്ചു
പത്താന്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പത്താന്‍കോട് വ്യോമകേന്ദ്രം സന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടയാണ് മോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേന താവളത്തിലെത്തിയത്. മോദിയുടെ സന്ദര്‍ശനം പരിഗണിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പാകിസ്താനില്‍ നിന്നും വന്നവരെന്ന് കരുതപ്പെടുന്ന ആറ് ഭീകരവാദികളാണ് പുതുവത്സരപ്പിറ്റേന്ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത്. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആറ് ഭീകരരെയും സൈന്യം വധിച്ചത്. ഏഴ് സൈനികരും ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെട്ടു. പാകിസ്താനില്‍ നിന്നുള്ള ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി മോദി സംസാരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികരെ അദ്ദേഹം സന്ദര്‍ശിച്ചു. ഭീകരാക്രമണം നടന്ന ശേഷം ഇതാദ്യമായിട്ടാണ് മോദി പത്താന്‍കോട് സന്ദര്‍ശിക്കുന്നത്. അതിര്‍ത്തിയിലെ സുരക്ഷാ നടപടികള്‍ പരിശോധിച്ച ശേഷമാണ് മോദി മടങ്ങിയത്.
എന്‍ ഡി എ സര്‍ക്കാരിന്റെ പരാജയമാണ് പത്താന്‍കോട് ആക്രമണം എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. പ്രധാനമന്ത്രി പാകിസ്താനെയാണ് സ്വന്തം മന്ത്രിമാരെക്കാള്‍ വിശ്വസിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായത് ഇന്ത്യ- പാക് സമാധാന ചര്‍ച്ചകളെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications