പിഎം കെയര്‍ ഫണ്ട്: ലഭിച്ചത് 10,990 കോടി, 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി: 2020 മാര്‍ച്ച് 27 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ പി എം കെയര്‍സ് ഫണ്ട് സമാഹരിച്ച 10,990 കോടിയുടെ 64 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനായി രൂപവത്കരിച്ച പി എം കെയേര്‍സ് ഫണ്ട് മുഖേന ഇക്കാലയളവില്‍ 3976 കോടി രൂപ മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. എന്‍ ഡി ടി വി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
10,990 കോടി രൂപയാണ് പി എം കെയര്‍ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ആകെ സംഭാവനയായി ലഭിച്ചത് 3077 കോടി രൂപയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7679 കോടി രൂപയാണ്. കൂടാതെ പലിശ ഇനത്തില്‍ 235 കോടിയും ലഭിച്ചു . ആകെ ലഭിച്ച തുകയില്‍ 495 കോടി വിദേശത്ത് നിന്ന് ലഭിച്ചതാണെന്ന് എന്‍ ഡി ടി വി റിപ്പോർട്ടിൽ പറയുന്നു .

6.6 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാന്‍ 1,392 കോടി രൂപ ഉപയോഗിച്ചു . 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 1,311 കോടി രൂപ ഉപയോഗിച്ചു. ഒന്നിലധികം തവണ പി എം കെയര്‍സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍, പരിശീലനം ലഭിച്ച മെഡിക്കല്‍ സ്റ്റാഫിന്റെ അഭാവം കാരണം തകരാറുള്ളതോ ഉപയോഗിക്കാതെ കിടക്കുന്നതോ ആണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരില്‍ വച്ച് 100 വെന്റിലേറ്ററുകള്‍ ട്രെയലില്‍ പരാജയപ്പെട്ടിരുന്നു .
മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്തതിനാല്‍ അവ ഉപയോഗിക്കാതെ കിടക്കുന്നതായി മെയ് മാസത്തില്‍ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം, 2020 ലെ ലോക്ക്ഡൗണ്‍ കാലത്തെ ഭയാനകമായ ദുരവസ്ഥ സൃഷ്ടിച്ചതും ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ കുടിയേറ്റ ജനതയുടെ ക്ഷേമത്തിനായി 1,000 കോടി മാത്രമാണ് നീക്കിവച്ചത് .
ഇന്ത്യയിലുടനീളം രൂക്ഷമായ ഓക്സിജന്‍ വിതരണ പ്രതിസന്ധിക്ക് കാരണമായ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് 162 ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപ ചിലവായി. കൊവിഡ് വാക്‌സിനുകള്‍ പരിശോധിക്കുന്നതിനും പുറത്തിറക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന ലാബുകള്‍ നവീകരിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചു. ബീഹാറിലെ മുസാഫര്‍പൂരിലും പാറ്റ്‌നയിലും രണ്ട് കൊവിഡ് ആശുപത്രികളും നിരവധി സംസ്ഥാനങ്ങളില്‍ ആര്‍ ടി - പി സി ആര്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ 16 ലാബുകളും സ്ഥാപിക്കാന്‍ 50 കോടി രൂപ ഉപയോഗിച്ചു .
അതേസമയം , പി എം കെയേഴ്സ് ഫണ്ട് പ്രഖ്യാപിച്ചതുമുതല്‍ സംശയത്തിന്റെ നിഴലിലാണ് , ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു . ഫണ്ടിന്റെ സ്വഭാവം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .
അതേസമയം, പി എം കെയേഴ്‌സുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി കള്ളം പറയുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. കേന്ദ്രസര്‍ക്കാരിനെയും പി എം കെയേഴ്സ് ഫണ്ടിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. ഫണ്ട് ഉപയോഗിച്ച് കോവിഡ് രണ്ടാം തരംഗ സമയത്ത് നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications