'ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല'; അഗ്നിപഥിനെതിരെ രാഹുലും പ്രിയങ്കയും
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട പദ്ധതി അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പദ്ധതി പിന്‍വലിക്കണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. സുഹൃത്തുക്കളുടെ' ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അഗ്‌നിപഥ് - യുവത്വം നിരസിച്ചു, കാര്‍ഷിക നിയമം - കര്‍ഷകര്‍ നിരസിച്ചു, നോട്ട് നിരോധനം - സാമ്പത്തിക വിദഗ്ധര്‍ നിഷേധിച്ചു, ജിഎസ്ടി - വ്യാപാരികള്‍ നിരസിച്ചു, 'സുഹൃത്തുക്കളുടെ' ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അഗ്നിപഥ് പദ്ധതിയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. യുവാക്കളുടെ മേല്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിച്ചതാണ് ഈ പ്രഖ്യാപനമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ ഗാന്ധി അഗ്നിപഥ് പദ്ധതിക്കെതിരെ നടത്തിയ വിമര്‍ശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ രംഗത്തെത്തി. അഗ്‌നിപഥ് രാജ്യത്തിന് 'അബദ്ധപഥ്' ആകും. രാഹുല്‍ ഗാന്ധി പറഞ്ഞ പോലെ സാമ്പത്തിക ഭദ്രതയെ തകര്‍ത്ത നോട്ട് നിരോധനം, വ്യാപാരികളെ വഞ്ചിച്ച ജി എസ് ടി, കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക നിയമങ്ങള്‍, ഇപ്പോള്‍ യുവതയെ നിഷേധിക്കുന്ന അഗ്‌നിപഥിലൂടെ മോദി രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
മുന്‍ സൈനിക മേധാവിമാര്‍ ഉള്‍പ്പടെ പറയുന്നത് ഇത് രാജ്യതിന്റെ സൈനിക ശേഷിക്ക് വലിയ ഭീഷണിയാകും എന്നാണ്. 4 വര്‍ഷം കൊണ്ട് വന്നു പോകാന്‍ സൈന്യം പിക്‌നിക്ക് കേന്ദ്രമല്ല എന്നും അവര്‍ വാദിക്കുന്നു. മാത്രമല്ല രാജ്യസേവനത്തിനും തൊഴിലിനും ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം റാങ്കുമില്ല, പെന്‍ഷനുമില്ല. രണ്ടുവര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാലുവര്‍ഷത്തെ സൈനികസേവനത്തിനുശേഷം സ്ഥിരമായുള്ള ഭാവിയുമില്ലാത്ത അവസ്ഥായാണ് നേരിടേണ്ടി വരുന്നത് .
ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് 8 വര്‍ഷം മുന്‍പ് അധികാരത്തില്‍ നരേന്ദ്ര മോദി രാജ്യത്തെ നയിച്ചത് 45 വര്‍ഷത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലെക്കാണ്. രാജ്യവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം ശക്തമാകുകയാണ്. ബീഹാറില്‍ പ്രതിഷേധക്കാര്‍ ഇന്ന് രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തില്‍ റെയില്‍വെ ജീവനക്കാര്‍ക്കും പരിക്കേറ്റു. ഉത്തര്‍ പ്രദേശിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.


Click it and Unblock the Notifications