മെയ് 3 ന് ശേഷവും ലോക്ക് ഡൗൺ നീട്ടുമോ? ഏപ്രിൽ 27 ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച
ദില്ലി; ഏപ്രിൽ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനാണ് ചർച്ച. മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 3 നാണ് രാജ്യത്ത് ലോക്ക് ഡൗൺ അവസാനിക്കാനിക്കുന്നത്. ഇതോടെ മെയ് 3 ന് ശേഷവും ലോക്ക് ഡൗൺ നീട്ടിയേക്കുമോയെന്നുള്ള ആശങ്കകളാണ് ഉയരുന്നത്.

കൊവിഡിനെ പ്രതിരോധിക്കാൻ മാർച്ച് 25 മുതലാണ് രാജ്യത്ത് ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിലസത്തേക്കായിരുന്നു അടച്ച് പൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 3 വരെയാണ് നിലവിൽ ലോക്ക് ഡൗൺ നിട്ടിയിരിക്കുന്നത്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ തെലങ്കാന മെയ് 7 വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. എന്നാൽ ചില ഇളവുകളോട് കൂടിയാണ് രണ്ടാം ഘട്ടം നടപ്പാക്കിയത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 1486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേരാണ് മരിച്ചത്. ബുധനാഴ്ച വരെ രാജ്യത്ത് 430 ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 2 വരെ ഇത് 211 ജില്ലകളിലായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 652 ആയി. ഇതുവരെ 20471 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15859 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ മെയ് 3 ന് അവസാനിപ്പിച്ചാൽ സ്ഥിതി രൂക്ഷമാകുമോയെന്ന ആശങ്കകളാണ് ആരോഗ്യ വിദഗ്ദർ പങ്കുവെയ്ക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ചായിരിക്കും ലോക്ക് ഡൗൺ സംബന്ധിച്ചുള്ള തിരുമാനം കൈക്കൊളളുക.
അതേസമയം ഇന്ത്യ പോലൊരു രാജ്യത്ത് ദീർഘകാലം ലോക്ക് ഡൗൺ തുടർന്ന് കൊണ്ട് പോകുന്നത് അനുയോജ്യമാകില്ലെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയിൽ ജനസംഖ്യയിൽ കൂടുതൽ കൂടതലാണെന്നതിനാൽ കൊറോണയ്ക്കെതിരെ സാമൂഹിക പ്രതിരോധശേഷി ആർജ്ജിച്ചെടുക്കലാണ് ഉത്തമമെന്ന് എപ്പിഡമോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications