മൂന്നാമതും അധികാരത്തില്‍ വരും, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവും; ഉറപ്പിച്ച് മോദി
ന്യൂഡല്‍ഹി: തന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തില്‍ അധികാരില്‍ വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മൂന്നാമത്തെ കാലയളവില്‍ ഇന്ത്യ ലോകത്തെ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരിക്കും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പുതുക്കി പണിത പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ പരാമര്‍ശം.
ഭാരത മണ്ഡപം എന്നാണ് പ്രഗതി മൈതാന് പുതിയതായി നാമകരണം ചെയ്തിരിക്കുന്നത്. താന്‍ ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ സമ്പദ് വ്യവസ്ഥകളില്‍ പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ സമയമായപ്പോള്‍ ഇന്ത്യ ലോകത്തെ തന്നെ അഞ്ചാമത്തെ സമ്പദ് ഘടനയായി മാറിയെന്നും മോദി പറഞ്ഞു.തന്റെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍, ഈ രാജ്യം ചില കാര്യങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറാവണം. ലോകത്തെ തന്നെ മൂന്നാമത് സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ താന്‍ മൂന്നാം ടേമില്‍ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനവും ഉന്നയിച്ചു. ഭാരത മണ്ഡപത്തിന്റെ നിര്‍മാണം തടയാന്‍ നോക്കിയവര്‍ ഈ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. എല്ലാ പ്രവര്‍ത്തികളും തടയണമെന്നത് ചിലരുടെ ആഗ്രഹമാണ്. കര്‍തവ്യ പഥ് നിര്‍മിക്കുമ്പോള്‍ പത്രങ്ങളിലെല്ലാം പല കാര്യങ്ങളും അച്ചടിച്ച് വന്നിരുന്നു. കോടതികളില്‍ വരെ അത് എത്തിയിരുന്നു.
എന്നാല്‍ കര്‍തവ്യ പഥ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍, ഇതേ ആളുകള്‍ തന്നെ അത് നല്ലതാണെന്ന് പറഞ്ഞു. ഭാരത മണ്ഡപവും അതുപോലെ നല്ലതാണെന്ന് പറയും. അവര്‍ ഇവിടെ വന്ന പ്രസംഗം നടത്താന്‍ വരെ സാധ്യതയുണ്ടെന്നും മോദി പരിഹസിച്ചു. ഇന്ത്യയുടെ വികസനം വലിയ വേഗത്തിലാണ്. പുതിയ വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് വേകള്‍, റെയില്‍വേ പാതകള്‍, പാലങ്ങള്‍, ആശുപത്രികള്‍ എന്നിവ പുതുതായി ഉണ്ടാവുന്നു.അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായത്.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 13.5 കോടി ആളുകളാണ് ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നത്. ഇന്ത്യയില്‍ കൊടിയ ദാരിദ്ര്യം അവസാനിച്ച് കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ പറയുന്നു. ഇതിനര്‍ത്ഥം കഴിഞ്ഞ 9 വര്‍ഷത്തിനിടെ എടുത്ത തീരുമാനങ്ങളും, നയങ്ങളുമെല്ലാം ശരിയായ പാതയിലായിരുന്നുവെന്നാണ്. ഇന്ന് നമ്മള്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications