മോദി എന്നെ കൊല്ലാനും മടിക്കില്ല; ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ഗുരതരമായ ആരോപണങ്ങളുമായി ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രവര്‍ത്തകരെയും എംഎല്‍എമാരെയും അഭിസംബോധന ചെയ്ത് യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് കെജ്‌രിവാള്‍ ആരോപണങ്ങളും മുന്നറിയിപ്പും നല്‍കുന്നത്.
ആം ആദ്മി മൂലം കടുത്ത തലവേദനയാണ് മോദി അനുഭവിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. ഒന്നുകില്‍ ബലിയാകാനോ അല്ലെങ്കില്‍ വീട്ടിലിരിക്കാനോ തയ്യാറാകണം. വീട്ടുകാരുമായി പ്രതിസന്ധി ചര്‍ച്ച ചെയ്യണം. മോശം സമയമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് എഎപിയെ മോദി വേട്ടയാടുകയാണ്. അഴിമതി വിരുദ്ധ വിഭാഗം, സിബിഐ, ആദായ നികുതി വകുപ്പ്, ഡല്‍ഹി പോലീസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ആം ആദ്മിയുടെ പിറകെയുണ്ട്. ഇതിനെല്ലാം പിന്നിലുള്ള സൂത്രധാരന്‍ അമിത്ഷായാണോ മോദിയാണോ പ്രധാനമന്ത്രിയുടെ ഓഫീസാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
എല്ലാ എഎപി എംഎല്‍എമാരും ജയലില്‍ പോയേക്കാം. എന്തും നേരിടാന്‍ കരുത്തുള്ളവര്‍ക്ക് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം. അത് നേരിടാന്‍ കരുത്തില്ലെങ്കില്‍ കുറേ നാളത്തേക്ക് മാറി നില്‍ക്കാം. 11 എഎപി എംഎല്‍എമാരാണ് ഇതുവരെ അറസ്റ്റിലായത്. ജയിലില്‍ പോകുകയെന്നത് ചെറിയ കാര്യമാണ്. ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. അതിനു നിങ്ങള്‍ തയാറെടുക്കണമെന്നും കെജ് രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications