കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണം: കാനഡയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി
ഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഉണ്ടായ ബോധപൂർവമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭീരുത്വമാണെന്നും ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നുവെന്നും എല്ലാ ആരാധനാലയങ്ങളും മതിയായ രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കനേഡിയയോട് ആവശ്യപ്പെട്ട് വിദേകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാനഡയിലെ പൗരന്മാരുടെയും സുരക്ഷയുടെയും കാര്യത്തിൽ ഇന്ത്യൻ ഗവർൺമെന്റ് അതീവ ഉത്കണ്ഠാകുലരാണെന്ന് ജയ്സ്വാൾ പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായ സംഭവത്തിനും ആക്രമത്തിൽ പ്രതിഷേധിക്കുന്നവരും പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. നേരത്തെ ശക്തമായ സുരക്ഷാ നടപടികൾക്കായി മുൻകൂർ അഭ്യർത്ഥിച്ചിട്ടും കോൺസുലർ ക്യാമ്പിന് അക്രമാസക്തമായ തടസ്സമുണ്ടായെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നുവെന്നും ഹൈക്കമ്മീഷൻ പറഞ്ഞു.
ഖലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു മഹാസഭ മന്ദിറിന് മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപരമായി പ്രശ്നങ്ങൾ തുടരുന്നതിനിടയിലാണ് അക്രമം. കാനഡ ഇന്ത്യയെ സൈബർ ഭീഷണിയുയർത്തുന്ന എതിരാളിയായി പട്ടികപ്പെടുത്തിയിരുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെയും സൈബർ എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ഉള്ള മറ്റൊരു കനേഡിയൻ തന്ത്രമായാണ് തങ്ങൾ ഇതിനെ കാണുന്നതെന്ന് ഇന്ത്യ പറഞ്ഞു.
ഖലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ട്രൂഡോ ആരോപണം ഉയർത്തിയത് മുതൽ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. ഖലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് അക്രമം, ഭീഷണിപ്പെടുത്തൽ രഹസ്യാന്വേഷണ ശേഖരണം എന്നിവ നടത്താൻ അമിത് ഷാ ഉത്തരവിട്ടതായി കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കനേഡിയൻ ഹൈക്കമ്മീഷന്റെ പ്രതിനിധിയെ ഇന്ത്യ വിളിച്ച് വരുത്തുകയും പരാമർശങ്ങളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications