ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ആഴ്ച്ചയിലേക്കു കടക്കുമ്പോള്‍ ലോകം മുഴുവന്‍ ആശങ്കയിലാണ്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങള്‍ പോലും അനുഭവിച്ചുതുടങ്ങി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണവും പ്രതിസന്ധിയിലായി.
സംഘര്‍ഷം ഒട്ടും അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം ചേര്‍ന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര നീക്കം.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 109 ഡോളറിന് മുകളിലെത്തിയതും ഒരു ഘട്ടത്തില്‍ അത് 119 ഡോളര്‍ വരെ ഉയര്‍ന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, വളം എന്നിവയുടെ ലഭ്യത തടസമില്ലാതെ ഉറപ്പുവരുത്താനാണ് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്.

ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വിലയില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബള്‍ക്ക് ഡീസലിന്റെ വിലയില്‍ 25 ശതമാനത്തോളം വര്‍ധന ഉണ്ടായിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സാഹചര്യം വഷളാകുകയാണെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പുനഃപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനവും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും ഇനിയും വലിയ തോതിലുള്ള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഇതിനുപുറമെ ഹൂതി വിമതര്‍ ചെങ്കടലിലെയും സൂയസ് കനാലിലെയും കപ്പല്‍ ഗതാഗതം ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചത് ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചേക്കാം. ഈ പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കയില്‍ നിന്നുള്ള ഒരു എല്‍പിജി കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് എത്തിയത് രാജ്യത്തെ വാതക ലഭ്യതയില്‍ ചെറിയ തോതിലുള്ള ആശ്വാസം നല്‍കുന്നുണ്ട്.
രാജ്യത്തുടനീളമുള്ള ഇന്ധന വിതരണ ശൃംഖലയും ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. യുദ്ധം കാരണം പുറംലോകത്തുനിന്നുള്ള ഇറക്കുമതി കുറഞ്ഞാലും ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിങ് ഹബ്ബുകളില്‍ ഒന്നായ ഇന്ത്യയുടെ ഈ ശേഷി ഉപയോഗപ്പെടുത്തി പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് കൂടുതല്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.












Click it and Unblock the Notifications