ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയെന്ന് പ്രധാനമന്ത്രി; ശുഭാംഷുവിന്റെ മറുപടി...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച് ഇന്ത്യന്‍ ജനതയുടെ അഭിമാനമായി മാറിയ ബഹിരാകാശ യാത്രികന്‍ ശുഭാംഷു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദിയില്‍ സംസാരിച്ച ക്യാപ്റ്റന്‍ ശുഭാംഷു ഇന്ത്യക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും മൂലമാണ് ഞാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതനായി എത്തിയത്. എന്റെ തോളില്‍ വഹിക്കുന്ന ത്രിവര്‍ണ പതാക രാജ്യം മുഴുവന്‍ എന്നോടൊപ്പം ഉണ്ടെന്ന അഭിമാന ബോധം എനിക്ക് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ നിലയത്തില്‍ നിന്ന് വീഡിയോ സ്ട്രീമിങ് വഴിയാണ് നരേന്ദ്ര മോദിയുമായി സംസാരിച്ചത്. 1984-ല്‍ ബഹിരാകാശത്ത് ആദ്യമായി എത്തിയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇതിന് നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് യുഎസിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ശുഭാംഷു അടങ്ങുന്ന നാലു സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ആറ് തവണ മാറ്റി വെച്ച ശേഷമാണ് ആക്‌സിയം സ്‌പേസിന്റെ ആക്‌സ് നാല് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ ഇരുവരുടെയും ആശയവിനിമയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ ക്യാപ്റ്റന്‍ ശുഭാംഷു പങ്കുവെച്ചു. പ്രധാനമന്ത്രി മോദിയും ശുക്ലയുമായുള്ള ആശയവിനിമയത്തിന്റെ വീഡിയോയും എക്സില്‍ പോസ്റ്റ് ചെയ്തു.
നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഏറെ അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ആളാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ശുഭാംഷുവിന്റെ പേരിലെ ശുഭ് എന്ന പദം പ്രധാനമന്ത്രി പ്രത്യേകം ഉദ്ധരിച്ചു. രാജ്യത്തെ യുവാക്കള്‍ക്ക് ഒരു പുതിയ യുഗത്തിന്റെ ശുഭാരംഭമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ ആശംസകള്‍ക്കൊപ്പം പ്രധാനമന്ത്രി മോദി തന്റെ ആശംസകളും ശുഭാംഷുവിനെ അറിയിച്ചു.
ശുക്ല ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ കാരറ്റ് ഹല്‍വ എല്ലാവരും കഴിച്ചോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. എല്ലാവരും അത് ആസ്വദിച്ചുവെന്ന് ശുഭാംഷു മറുപടി പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ശുക്ലയോട് ചോദിച്ചു. ഇന്ത്യ ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ വലുതും മഹത്തരവുമായി കാണപ്പെടുന്നുവെന്നായിരുന്നു ശുഭാന്‍ഷുവിന്റെ മറുപടി.
നിങ്ങള്‍ നിങ്ങളുടെ ഭാവി ശരിയായി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തിന്റെ ഭാവിയും നല്ലതായിരിക്കുമെന്നും ആകാശം ഒരിക്കലും പരിധിയല്ലെന്നും തന്റെ സന്ദേശത്തില്‍ ശുഭാന്‍ഷു ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications