യുവജനങ്ങൾക്ക് സന്തോഷവാർത്ത; 61,000 സർക്കാർ ജോലി നിയമനങ്ങൾ ഇന്ന്
ഇന്ത്യൻ യുവത്വത്തിന്റെ തൊഴിൽ സ്വപ്നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നുകൊണ്ട് കേന്ദ്ര സർക്കാരിന്റെ പതിനെട്ടാമത് 'റോസ്ഗർ മേള'(18th Rozgar Mela)ഇന്ന് നടക്കും. രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളിലായി തിരഞ്ഞെടുക്കപ്പെട്ട 61,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവുകൾ കൈമാറും. വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
45 കേന്ദ്രങ്ങളിൽ വലിയ ആഘോഷം
രാജ്യവ്യാപകമായി 45 കേന്ദ്രങ്ങളിലാണ് റോസ്ഗർ മേളയുടെ ഭാഗമായുള്ള ചടങ്ങുകൾ ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ നിർണ്ണായക വകുപ്പുകളിലേക്കാണ് ഈ 61,000 യുവാക്കൾ ഇന്ന് ഔദ്യോഗികമായി ചുവടുവെക്കുന്നത്.

തൊഴിൽ സുരക്ഷയും വികസനവും
കേന്ദ്ര സർക്കാർ സർവീസിലെ ഒഴിവുകൾ വേഗത്തിൽ നികത്തുന്നതിനും യുവാക്കൾക്ക് അർഹമായ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് 2022 ഒക്ടോബറിൽ പ്രധാനമന്ത്രി റോസ്ഗർ മേള എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ ഈ പദ്ധതിയിലൂടെ 11 ലക്ഷത്തിലധികം പേർക്ക് നിയമനം നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കിയും കാലതാമസം ഒഴിവാക്കിയും റെക്കോർഡ് വേഗത്തിലാണ് ഇപ്പോൾ നിയമനങ്ങൾ നടക്കുന്നത്.
പുതിയതായി നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 'കർമ്മയോഗി പ്രാരംഭ്' (Karmayogi Prarambh) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പരിശീലനം നേടാനുള്ള സൗകര്യവും കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് പാലിക്കേണ്ട ചട്ടങ്ങൾ, ഓഫീസ് മര്യാദകൾ, മറ്റ് അടിസ്ഥാന അറിവുകൾ എന്നിവ വീട്ടിലിരുന്നുതന്നെ ഇവർക്ക് ഇതിലൂടെ പഠിക്കാനാകും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജനങ്ങളോടുള്ള ഉത്തരവാദിത്തം എങ്ങനെ നിർവ്വഹിക്കണം എന്നതിലും ഈ പ്ലാറ്റ്‌ഫോം മാർഗ്ഗനിർദ്ദേശം നൽകുന്നു.












Click it and Unblock the Notifications