തെരഞ്ഞെടുപ്പ് അടുത്തു; മണിപ്പൂരില്‍ 4800 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ മോദി
ഇംഫാല്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍. 4800 കോടി രൂപയുടെ 22 ഓളം വികസന പദ്ധതികള്‍ക്കാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച തുടക്കമാവുന്നത്. ഇതില്‍ 1850 കോടി രൂപ ചെലവ് വരുന്ന 13 പദ്ധതികളുടെ ഉദ്ഘാടനവും 2950 കോടി രൂപ ചെലവ് വരുന്ന 9 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. റോഡ് നിര്‍മാണം, കുടിവെള്ള വിതരണം, വീട്, മാനവവിഭവശേഷി വികാസം, ആരോഗ്യം, നഗരവികസനം തുടങ്ങിയ നിരവധി മേഖലകളിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
75 കോടിയിലധികം രൂപ ചെലവഴിച്ച് എന്‍.എച്ച്-37ല്‍ ബരാക് നദിക്കു കുറുകെ നിര്‍മിച്ച ഉരുക്ക് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അസമിലെ സില്‍ച്ചാറിനേയും ഇംഫാലിനേയും ബന്ധിപ്പിക്കുന്ന പാലം ഗതാഗത കുരുക്ക് കുറയ്ക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം 1100 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച് 2387 മൊബൈല്‍ ടവറുകളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഇംഫാല്‍, തമെന്‍ഗ്ലോംഗ്, സേനാപതി ജില്ലകളിലെ എല്ലാ വീടുകളിലേക്കും തടസമില്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയും ഇന്ന് നാടിന് സമര്‍പ്പിക്കുന്നുണ്ട്.
Recommended Video
സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്. കിയമെഗി ജില്ലയില്‍ 37 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ആശുപത്രിയില്‍ 200 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡി.ആര്‍.ഡി.ഒയുമായി സഹകരിച്ചാണ് കൊവിഡ് ആശുപത്രിയുടെ നിര്‍മാണം. ഇംഫാല്‍ സ്മാര്‍ട്ടി സിറ്റി മിഷന്റെ കീഴിലുള്ള മൂന്ന് പദ്ധതികളുടെ ഉദ്ഘാടനും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഇംഫാലില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഏകദേശം 160 കോടി രൂപ ചെലവഴിച്ചുള്ള അത്യാധുനിക കാന്‍സര്‍ ആശുപത്രിയും തറക്കല്ലിടുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. 'ക്യാന്‍സറുമായി ബന്ധപ്പെട്ട രോഗനിര്‍ണ്ണയ, ചികിത്സ സേവനങ്ങള്‍ ലഭിക്കുന്നതിന് സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുന്നജനങ്ങള്‍ക്ക് ഈ കാന്‍സര്‍ ആശുപത്രി പണചെലവ് കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യും,' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. അഞ്ച് ദേശീയ പാത പദ്ധതികള്‍, സെന്റര്‍ ഫോര്‍ ഇന്‍വെന്‍ഷന്‍, ഇന്നൊവേഷന്‍, ഇന്‍കുബേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (സിഐഐടി), കൈത്തറി, കരകൗശല മേഖലയുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികള്‍, സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയം എന്നിവയ്ക്കും താന്‍ തറക്കല്ലിടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
36 കോടി രൂപ മുതല്‍ മുടക്കില്‍ കൈത്തറി-കരകൗശല മേഖലയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ 'മെഗാ ഹാന്‍ഡ്ലൂം ക്ലസ്റ്റര്‍', മൊയ്റാംഗിലെ 'ക്രാഫ്റ്റ് ആന്‍ഡ് ഹാന്‍ഡ്ലൂം വില്ലേജ്' എന്നീ രണ്ട് പദ്ധതികള്‍ക്കും തറക്കല്ലിടും. 240 കോടി രൂപ ചെലവില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിടും. വടക്ക്-കിഴക്കന്‍ സംസ്ഥാനത്തിന്റെ സമ്പന്നമായ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മണിപ്പൂരില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം.
കോണ്‍ഗ്രസും ബി.ജെ.പിയുമാണ് പ്രധാനകക്ഷികള്‍ എങ്കിലും എന്‍.പി.പി, എന്‍.പി.എഫ് തുടങ്ങിയ കക്ഷികള്‍ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതില്‍ നിര്‍ണായകമാണ്. നിലവില്‍ ഭരണത്തില്‍ പങ്കാളിയാണെങ്കിലും എന്‍.പി.പിയുമായി തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം ഉണ്ടാകില്ലെന്ന സൂചനയാണ് ബി.ജെ.പി നല്‍കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതെങ്കിലും 21 സീറ്റ് നേടിയ ബി.ജെ.പി, എന്‍.പി.പിയ്‌ക്കൊപ്പം ഭരണത്തിലേറുകയായിരുന്നു. ഇത്തവണ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമം. അതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ബൃഹദ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നത്.












Click it and Unblock the Notifications