ട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല....വ്യാപാര കരാറിലും അനിശ്ചിതത്വം
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുമെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന് വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാവില്ലെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ ട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഔദ്യോഗികമായി പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

അഹമ്മദാബാദില്‍ 24ന് ഉച്ചയോടെയാണ് ട്രംപ് എത്തുക. 36 മണിക്കൂര്‍ സന്ദര്‍ശനമാണ് ഉള്ളത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജാരഡ് കുഷ്‌നര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുണ്ടാവും. അഹമ്മദാബാദിലെ ചടങ്ങിന് ശേഷമാണ് ട്രംപ് ആഗ്രയിലേക്ക് യാത്ര തിരിക്കുക. 25ന് ഉച്ചയോടെയാണ് അദ്ദേഹം താജ് മഹലിലെത്തുക. എന്നാല്‍ മോദി ട്രംപിനൊപ്പം എത്തുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് താജ് മഹല്‍ അധികൃതര്‍ പറഞ്ഞു.
ട്രംപിന് സ്വന്തം ആഢംബര സുരക്ഷാ വാഹനമായ ലിമൂസിന്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കില്ല. താജ് മഹലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്്. ഇതോടെ ആഗ്രയില്‍ നിന്ന് ബാറ്ററി ബസ്സില്‍ ട്രംപിന് താജ് മഹലിലേക്ക് എത്തേണ്ടി വരും. മുമ്പ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ വന്നപ്പോള്‍ ബാറ്ററി ബസ്സാണ് ഉപയോഗിച്ചിരുന്നത്.
ട്രംപിനെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ സന്ദര്‍ശിക്കുമോയെന്ന കാര്യത്തിലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പ്രതികാരത്തിന് ആഹ്വാനം ചെയ്തുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിനെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വധിക്കുമെന്നാണ് ഭീഷണി. കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്ന് ഇന്ത്യയോട് ഭീഷണി മുഴക്കുന്നുമുണ്ട് വീഡിയോയില്‍. മുസ്ലീങ്ങളെ നിങ്ങള്‍ പീഡിപ്പിച്ചതിനും അവരുടെ ജീവിതംതകര്‍ത്തതിനും പ്രതികാരം ചെയ്യുമെന്ന് ജെയ്‌ഷെ മുഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications